സിപിഎം-ബിജെപി കൊലവിളി പ്രസംഗം; കേസെടുക്കാതെ പോലീസ്

 

കണ്ണൂർ: തലശേരിയിലെ വിദ്വേഷ പ്രസംഗത്തില്‍ സിപിഎം നേതാവ് പി ജയരാജന് എതിരെ കേസ് എടുക്കാതെ പോലീസ്.
സ്പീക്കർ എ.എൻ. ഷംസീറിനുനേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി. ജയരാജന്‍റെ മുന്നറിയിപ്പ്. ജയരാജന്‍റെ ഭീഷണി രാഷ്ട്രീയസംഘർഷത്തിന് വഴിവെക്കുമെന്ന് യുവമോർച്ച സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

സേവ് മണിപ്പുർ എന്ന മുദ്രാവാക്യമുയർത്തി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു  ജയരാജന്‍റെ കൊലവിളി.  ഷംസീറിന്‍റെ നേരെ കയ്യൊങ്ങിക്കഴിഞ്ഞാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും എന്നു നിങ്ങൾ മനസിലാക്കണമെന്നായിരു  ജയരാജന്‍ പറഞ്ഞത്. ഹിന്ദുമതവിശ്വാസങ്ങളെയും, ആചാരങ്ങളെയും അപമാനിച്ചു എന്നാരോപിച്ച് നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനു യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേശൻ മുന്നറിയിപ്പ് നൽകിയത് വിവാദമായിരുന്നു. ഇതിന് മറുപടിയുമായാണ് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ രംഗത്തെത്തിയത്.

ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പി. ജയരാജന് എതിരെ കേസെടുക്കാൻ പോലീസ് തയാറായിട്ടില്ല. നിയമവശങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് ഈ വിഷയത്തിൽ പോലീസിന്‍റെ അനൗദ്യോഗിക വിശദീകരണം. ജയരാജന്‍റെ ഭീഷണിക്ക് മറുപടിയുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആർ പ്രഫുൽ കൃഷ്ണൻ രംഗത്തെത്തിയിരുന്നു. മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണെന്നായിരുന്നു പ്രഫുൽ കൃഷ്ണന്‍റെ മറുപടി. ഇതിനിടെ പ്രസംഗത്തിന്‍റെ പേരിൽ പി. ജയരാജനെ അനുകൂലിച്ചും, എതിർത്തും ബിജെപി, സിപിഎം നേതാക്കളുടെ പ്രസ്താവനാ യുദ്ധം തുടരുകയാണ്.

അതേസമയം സിപിഎം, ബിജെപി നേതാക്കളുടെ കൊലവിളിയില്‍ കേസെടുക്കാത്ത സർക്കാർ നടപടിക്കെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ എ.എന്‍. ഷംസീറിന്‍റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് സിപിഎമ്മിന്‍റെയും ബിജെപിയുടെയും നേതാക്കള്‍ നടത്തുന്ന കൊലവിളിയില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കാത്ത മുഖ്യമന്ത്രി, സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കുടപിടിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. കണ്ണൂരില്‍ വീണ്ടും കൊലപാതക പരമ്പര സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണോ സിപിഎം-ബിജെപി നേതാക്കളുടെ കൊലവിളിക്ക് പിന്നിലെന്ന് സംശയിക്കുന്നു. രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഗൂഢനീക്കവും സിപിഎം -ബിജെപി അച്ചുതണ്ടിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment