സിപിഎം-ബിജെപി ഡീല്‍: ബാലശങ്കറിന്‍റെ ആരോപണം പാർട്ടി ഗൗരവമായി അന്വേഷിക്കണമെന്ന് പിപി മുകുന്ദൻ

Jaihind News Bureau
Thursday, March 18, 2021

സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീലെന്ന ബാലശങ്കറിന്‍റെ ആരോപണം പാർട്ടി ഗൗരവമായി അന്വേഷിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. ഉന്നത സ്ഥാനത്തിരിക്കുന്ന ബാലശങ്കർ വെറുതെ ആരോപണം ഉന്നയിക്കുമെന്ന് താൻ കരുതുന്നില്ല. ഭരണ സാധ്യത ഇല്ലാഞ്ഞിട്ടും കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കുന്നത് അനാവശ്യ ചർച്ചയ്ക്ക് ഇടവരുത്തിയെന്നും  മുകുന്ദൻ പരിഹസിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷനും സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനെതിരെയും മുകുന്ദന്‍ വിമർശനം ഉന്നയിച്ചു. സൗകര്യങ്ങൾ കൂടുന്ന സമയത്ത് നേതാക്കൾ വന്ന വഴി മറക്കരുതെന്ന് പി പി മുകുന്ദൻ മുന്നറിയിപ്പ് നൽകി. വിജയ യാത്ര വീടിന്‍റെ തൊട്ടടുത്ത് വന്നിട്ടും തന്നോടൊരു വാക്ക് പറഞ്ഞില്ല. ഉന്നത ചിന്ത വേണമെന്ന് പറയും പോലെ ഉന്നതത്തിൽ പോകാനായിരിക്കാം സുരേന്ദ്രൻ ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പ്രവർത്തകരുടെ ശാപം ഏൽക്കേണ്ടി വരുന്ന പാർട്ടിയായി ബിജെപി മാറരുതെന്നും പി.പി മുകുന്ദൻ മുന്നറിയിപ്പ് നൽകി

സംസ്ഥാനത്ത് സി.പി.എം – ബി.ജെ.പി ഡീലെന്ന കടുത്ത ആരോപണം കഴിഞ്ഞ ദിവസം സംഘപരിവാറിന്‍റെ മുതിര്‍ന്ന നേതാവും ദീര്‍ഘകാലം ആര്‍.എസ്.എസ് മുഖപത്രത്തിന്‍റെ പത്രാധിപരുമായിരുന്ന ബാലശങ്കര്‍ ഉന്നയിച്ചിരുന്നു. ഇത് നിസാരമായി കാണാനാവില്ലെന്നും ഗൗരവമായി അന്വേഷിക്കണമെന്നും പിപി മുകുന്ദന്‍ ആവശ്യപ്പെട്ടു.