സിപിഎമ്മും ബിജെപിയും തമ്മില്‍ തെരഞ്ഞെടുപ്പ് ധാരണ ; സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനു പിന്നില്‍ കോന്നിയില്‍ സുരേന്ദ്രനും സി.പി.എമ്മുമായുള്ള ഡീല്‍ ; വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍

 

തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ തെരെഞ്ഞെടുപ്പു ധാരണയുണ്ടെന്ന് വെളിപ്പെടുത്തല്‍. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറാണ് പ്രമുഖ മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഓര്‍ത്തഡോക്‌സ് സഭയുമൊക്കെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിട്ടും ഇത് അട്ടിമറിച്ചതിനു പിന്നില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സി.പി.എം നേതൃത്വവുമായുണ്ടാക്കിയ ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ നേതൃത്വവുമായാണ് ബി.ജെ.പി മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത മുപ്പത് വര്‍ഷത്തേക്ക് പാര്‍ട്ടി അധികാരത്തില്‍ വരില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും ആര്‍.എസ്.എസ് മുഖപത്രം ‘ഓര്‍ഗനൈസറിന്റെ” മുഖ്യപത്രാധിപരുമായിരുന്നു ബാലശങ്കര്‍. അദ്ദേഹം ചെങ്ങന്നൂര്‍ സ്വദേശിയാണ്. കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമാണ് മത്സരിക്കാന്‍ എത്തിയതെങ്കിലും സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് അദ്ദേഹത്തിന്‍റെ തുറന്നുപറച്ചില്‍.

” സി.പി.എമ്മും ബി.ജെ.പിയുമായിട്ടുള്ള ഡീല്‍ ഇതിന്റെ പിന്നിലുണ്ടാവാം. ചെങ്ങന്നൂരിലും ആറന്‍മുളയിലും സി.പി.എമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നായിരിക്കാം ഡീല്‍” അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ഡീലിന് പിന്നില്‍ മറ്റ് ചില സംശയങ്ങളുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയും അന്തര്‍ധാരകളും ഉണ്ടെന്നുള്ള കോണ്‍ഗ്രസിന്റെ ആരോപണത്തിന് അടിത്തറ നല്‍കുന്നതാണ് ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍.

”കേരളത്തില്‍ ബി.ജെ.പിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാദ്ധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സി.പി.എമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ത്ഥി എന്തിനാണ് ഇപ്പോള്‍ കോന്നിയില്‍ മത്സരിക്കുന്നത്? അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ! ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി ഈ 15 ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമകരമാണ്. രണ്ടിടത്തും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും മൂന്നു ദിവസം യാത്രയ്ക്ക് മാത്രം വേണ്ടി വരും. ഹെലിക്കോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയനേതാവാണ് രണ്ട് മണ്ഡലത്തില്‍ നില്‍ക്കാനായി ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്.” എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ കേരളത്തിലെ ബി.ജെ.പി നേതൃത്വം പാര്‍ട്ടിയെ നശിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. മത്സരിച്ച എല്ലായിടത്തും തോറ്റ ഒരു സ്ഥാനാര്‍ത്ഥിയാണ് സുരേന്ദ്രന്‍. ബി.ജെ.പി ഒരു സീറ്റില്‍ പോലും ജയിക്കരുതെന്നാണ് ഇവരുടെയൊക്കെ നിര്‍ബന്ധബുദ്ധി. താന്‍ സ്ഥാനാര്‍ത്ഥിയായി വന്നത് പ്രധാനമന്ത്രിയുടെ അറിവോടെയാണ്. തന്റെ വിജയം തടയണമെന്ന താല്‍പര്യമാണ് സീറ്റ് നിഷേധത്തിന് പിന്നില്‍. ചെങ്ങന്നൂരിലും ആറന്‍മുളയിലും ഇപ്പോള്‍ ബി.ജെ.പി മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.ജെ.പിയുടെ ശബ്ദം പോലും കൊടുക്കാന്‍ കഴിവില്ലാത്തവരാണ്.
ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന രണ്ട് മണ്ഡലമാണ് കളഞ്ഞുകുളിച്ചത്.

കെ.എം. മാണിയുമായി വ്യക്തിപരമായി വലിയ അടുപ്പമായിരുന്നു. ജോസ് കെ. മാണിയുമായുമായും നല്ല ബന്ധമാണ്. അദ്ദേഹം ബി.ജെ.പിയുടെ ഭാഗമാവാന്‍ പോലും തയ്യാറായിരുന്നു. അതൊക്കെ ഇല്ലാതാക്കിയത് സംസ്ഥാന ബി.ജെ.പി നേതൃത്വമാണ്. ഇവര്‍ക്ക് മന്ത്രിസ്ഥാനവും പദവികളും നഷ്ടപ്പെട്ടേക്കുമെന്ന ഭയം കൊണ്ടാണ് ജോസ്.കെ.മാണിയുടെ എന്‍.ഡി.എ പ്രവേശനം സാധ്യമാകാത്തതെന്നും അദ്ദേഹം ആരോപിച്ചു.

Comments (0)
Add Comment