സംസ്‌ഥാനത്ത്‌ ബി ജെ പി-സി പി എം കൂട്ടുകെട്ട്, സുരേന്ദ്രന്‍റെ ശ്രമം സ്പ്രിങ്ക്ളറില്‍ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍: ബെന്നി ബെഹനാൻ എം.പി

Jaihind News Bureau
Thursday, April 23, 2020

കൊച്ചി: സ്പ്രിങ്ക്ലർ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ബി.ജെ.പി സംസ്‌ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ ശ്രമമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി ആരോപിച്ചു. മുഖ്യമന്ത്രി തന്നെ മുഖ്യപ്രതിയായ സംശയിക്കപ്പെടുന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്റെ നടപടി അപഹാസ്യമാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം സംശയത്തിനിട നൽകുന്നതാണ്. സംസ്‌ഥാനത്തെ ബി ജെ പി – സി പി എം കൂട്ടുകെട്ടിന്റെ പരസ്യ പ്രഖ്യാപനം കൂടിയാണിതെന്ന് ബെന്നി ബെഹനാൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേടിയ വിജയമാണ് സി പി എമ്മിനെ സഹായിക്കാൻ ബി ജെ പിയെ പ്രേരിപ്പിക്കുന്നത്. കേരളത്തിൽ സി പി എമ്മിന് തുടർഭരണം ഉണ്ടാക്കുന്നതിനാണ് ബി ജെ പി യുടെ ശ്രമം. ഇതിനായി സി പി എമ്മിനെ സഹായിക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളും സ്പ്രിങ്ക്ലർ അഴിമതിയും തുറന്ന് കാണിച്ചപ്പോൾ പ്രതിപക്ഷത്തെ വിമർശിക്കാനാണ് സുരേന്ദ്രൻ ശ്രമിച്ചത്. ഇത് ബി ജെ പി – സി പി എം കൂട്ടുകെട്ടിന്റെ അന്തർനാടകങ്ങളുടെ പ്രതിഫലനമാണ്.

കെ. സുരേന്ദ്രനെ മഹത്വവൽക്കരിക്കുന്ന നിലപാടാണ് പലപ്പോഴും മുഖ്യമന്ത്രിയും സി പി എമ്മും സ്വീകരിക്കുന്നതെന്നും യു ഡി എഫ് കൺവീനർ കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിലും സുരേന്ദ്രന് വീരപരിവേഷം നൽകാനാണ് സർക്കാർ ശ്രമിച്ചത്. സമാന കേസുകളിലെല്ലാം സ്റ്റേഷൻ ജാമ്യം നൽകിയപ്പോൾ സുരേന്ദ്രനെ കേരളം മുഴുവൻ കൊണ്ടുനടന്ന് വീരപരിവേഷം നൽകുകയാണ് സർക്കാർ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ സുരേന്ദ്രന് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയും അതിനെ ന്യായീകരിക്കുകയുമാണ് പിണറായി ചെയ്തത്.

ലാവലിൻ കേസിൽ കേന്ദ്ര സർക്കാരിന്റെ സഹായം തേടുന്നതിനായാണ് പിണറായി വിജയൻ ബി ജെ പിയുമായി കൈകോർക്കുന്നത്. രണ്ടു വർഷവും നാല് മാസവുമായി പിണറായി കൊടുത്ത ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിചാരണ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇത്രയും കാലതാമസം നേരിടുന്നത് സംശയാസ്പദമാണ്. വിദേശ കമ്പനിയുമായി കരാറിൽ ഏർപ്പെടുമ്പോൾ കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്നിരിക്കെ ഇത്തരമൊരു അനുമതി സ്പ്രിങ്ക്ലർ ഇടപാടിൽ തേടിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടും സംസ്‌ഥാന ബി ജെ പി പ്രസിഡന്റ് പിണറായിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും വിജിലൻസ് അന്വേഷണം മതിയെന്ന സുരേന്ദ്രന്റെ നിലപാട് ബി ജെ പി – സി പി എം കൂട്ടുകെട്ടിന്റെ പരസ്യ പ്രഖ്യാപനമാണെന്നും ബെന്നി ബെഹനാൻ കുറ്റപ്പെടുത്തി.