സിപിഎം-ബിജെപി സഖ്യം വ്യക്തം; കരുവന്നൂര്‍, മാസപ്പടി അന്വേഷണങ്ങളും സെറ്റില്‍മെന്‍റില്‍ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ്

 

ആലപ്പുഴ: കരുവന്നൂര്‍, മാസപ്പടി അന്വേഷണങ്ങള്‍ സെറ്റില്‍മെന്‍റില്‍ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൃശൂരില്‍ സിപിഎം- ബിജെപി സഖ്യം വ്യക്തമാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍, മാസപ്പടി, ലാവലിന്‍ കേസുകള്‍ ഒത്തുതീർപ്പാക്കിയതിന് പകരം കുഴല്‍പ്പണ കേസില്‍ നിന്ന് കെ. സുരേന്ദ്രനെ ഒഴിവാക്കിക്കൊടുത്തെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി സർക്കാർ വരുത്തിവെച്ചതാണെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും നികുതി പിരിവിലെ ദയനീയ പരാജയവുമൊക്കെയാണ് ധനപ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍. സര്‍ക്കാരിന്‍റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഡല്‍ഹിയില്‍ പോയി സമരം ചെയ്താല്‍ അതിന്‍റെ പിന്നാലെ പോകാന്‍ വേറെ ആളെ നേക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

യു.ഡി.എഫ് 2020 ലും 2022 ലും ഇറക്കിയ രണ്ട് ധവളപത്രങ്ങളിലും ഇന്ന് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ധനപ്രതിസന്ധി മുന്‍കൂട്ടി പ്രവചിച്ചിരുന്നു. രണ്ട് ധവളപത്രങ്ങളിലും ചൂണ്ടിക്കാട്ടിയ കാരണങ്ങളാണ് ഇന്നത്തെ ധനപ്രതിസന്ധിയുടെയും കാരണങ്ങള്‍. ധനകാര്യ കമ്മീഷന്‍ മാറിയപ്പോള്‍ കേരളത്തിനുള്ള വിഹിതം കുറച്ചതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കും. ധനപ്രതിസന്ധിക്കുള്ള ഒരുപാട് കാരണങ്ങളില്‍ ഒന്ന് മാത്രമാണിത്. സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും നികുതി പിരിവിലെ ദയനീയ പരാജയവുമൊക്കെയാണ് ധനപ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍. ഐ.ജി.എസ്.ടിയില്‍ നിന്നും 30000 കോടി രൂപയാണ് കേരളത്തിന് നഷ്ടമായത്. ഈ പണം വാങ്ങിയെടുക്കുന്നതിന് ആവശ്യമായ രേഖകള്‍ നല്‍കാന്‍ കഴിവില്ലാത്ത സര്‍ക്കാരാണിത്. കൃത്യമായ രേഖകള്‍ നല്‍കാതെ അഞ്ച് വര്‍ഷം കൊണ്ട് 30000 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. നികുതി ഭരണ സംവിധാനം പൂര്‍ണമായും ഇല്ലാതാക്കി കേരളത്തെ നികുതിവെട്ടിപ്പുകാരുടെ പറുദീസയാക്കി മാറ്റി.

ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്ക് പോലും മാറാനാകാത്ത സ്ഥിതിയാണ്. ഇങ്ങനെയുള്ളവര്‍ എന്തിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റിന്റെ വിശ്വാസ്യത പോലും ഇല്ലാതാക്കി. ട്രഷറി താഴിട്ട് പൂട്ടി താക്കോലുമായാണ് ഇവര്‍ നടക്കുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കിയ കുഴപ്പം കൊണ്ടാണ് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായത്. കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഇ.ബിയും സപ്ലൈകോയും കെട്ടിടനിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡും ആരോഗ്യ- വിദ്യാഭ്യാസ മേഖലകളും തകര്‍ന്ന് തരിപ്പണമായി. സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഡല്‍ഹിയില്‍ പോയി സമരം ചെയ്താല്‍ അതിന്റെ പിന്നാലെ പോകാന്‍ വേറെ ആളെ നേക്കണം. അതിന് പ്രതിപക്ഷമുണ്ടാകില്ല. നവകേരള സദസ് വന്നപ്പോള്‍ തന്നെ കേരളത്തെ മുടിപ്പിച്ചത് ഈ സര്‍ക്കാരാണെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. അതിനുള്ള ഉത്തരം അവര്‍ പറയട്ടേ.

ധനകാര്യ കമ്മീഷന്റെ വിഹിതം കുറഞ്ഞത് സംബന്ധിച്ചുള്ള നിവേദനം യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കണക്ക് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കാത്തത് സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ. അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ പ്രതിപക്ഷവും യു.ഡി.എഫ് എം.പിമാരും സര്‍ക്കാരിനൊപ്പം നില്‍ക്കും. എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെ സര്‍ക്കാരിന് അവ്യക്തതയാണ്.

നീതി ആയോഗ് സംസ്ഥാനങ്ങളുടെ വിഹിതം നിശ്ചയിക്കുന്നതില്‍ പ്രധാനമന്ത്രി ഇടപെടാന്‍ പാടില്ല. 2011 ലെ സെന്‍സസ് അടിസ്ഥാനത്തിലാണ് കേരളത്തിനുള്ള വിഹിതം കുറച്ചത്. ജനസംഖ്യാ നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം. അതിന്റെ പേരില്‍ വിഹിതം കുറയാന്‍ പാടില്ലെന്നതാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യം നിവേദനമായി യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ധനകാര്യ കമ്മീഷന്‍ അധ്യക്ഷനെയും എം.പിമാര്‍ കാണും.

തൃശൂരിലെ സി.പി.എം- ബി.ജെ.പി സഖ്യം വളരെ വ്യക്തമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേതു പോലെ കരുവന്നൂര്‍, മാസപ്പടി അന്വേഷണങ്ങള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉണ്ടാക്കുന്ന സെറ്റില്‍മെന്റില്‍ അവസാനിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുമായി സംഖ്യമുണ്ടാക്കുമെന്ന് വിഡ്ഢികള്‍ മാത്രമെ പറയൂ. കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ ദേശീയതലത്തില്‍ ബി.ജെ.പി ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ജയിക്കാന്‍ സാധ്യതയുള്ള കേരളത്തില്‍ ബി.ജെ.പിയുമായി കേണ്‍ഗ്രസ് കൂട്ട് കൂടുമെന്ന് സി.പി.എം പറയുന്നത്, അവര്‍ക്ക് പറയാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണ്. കോണ്‍ഗ്രസ് വിരുദ്ധതയാണ് സി.പി.എം ലക്ഷ്യം. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പി ലക്ഷ്യം. ഇത് രണ്ടുമാണ് കൂടിയോജിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍, മാസപ്പടി, ലാവലിന്‍ കേസുകള്‍ സെറ്റില്‍ ചെയ്തതിന് പകരമായി കുഴല്‍പ്പണ കേസില്‍ നിന്നും കെ. സുരേന്ദ്രനെ ഒഴിവാക്കിക്കൊടുത്തു.

Comments (0)
Add Comment