റാന്നി ഗ്രാമപഞ്ചായത്തിലെ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. പഞ്ചായത്ത് പ്രസിഡന്‍റാകാൻ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിലെ ശോഭാ ചാർലി ബി.ജെ.പിയുമായി രഹസ്യധാരണ ഉണ്ടാക്കിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം അംഗം ശോഭാ ചാര്‍ലിയെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണച്ചത് വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുപാര്‍ട്ടികളുടെയും രാഷ്ട്രീയ ബന്ധം പുറത്തു വരാതിരിക്കാന്‍ ശോഭാ ചാര്‍ലിയും ബി.ജെ.പി നേതാവുമായുണ്ടാക്കിയതാണ് കരാർ. കേരളാ കോൺഗ്രസിന്‍റെ ഒഴികെ എൽ.ഡി.എഫ് പരിപാടികളിൽ പങ്കെടുക്കില്ലെന്നാണ് ശോഭാ ചാർലി കരാറിൽ ഉറപ്പ് നൽകുന്നത്. ഇക്കാര്യം സമ്മതിച്ചു കൊണ്ടുള്ള ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റിന്‍റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
എല്‍.ഡി.എഫില്‍ നിന്ന് പുറത്തുവന്നതു കൊണ്ടാണ് ശോഭാ ചാര്‍ലിയെ പിന്തുണച്ചതെന്നാണ് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്‍റ് ഷൈന്‍ ജി കുറുപ്പ് വിശദീകരണ വീഡിയോയില്‍ പറയുന്നത്. അധ്യക്ഷ തെരെഞ്ഞെടുപ്പ് നടന്ന 30 നാണ് കരാർ ഒപ്പ് വെച്ചിരിക്കുന്നത്. അതേസമയം പ്രസിഡന്‍റ് തെരെഞ്ഞെടുപ്പിന് ശേഷമാണ് ശോഭാ ചാര്‍ലിയെ എല്‍.ഡി.എഫ് പുറത്താക്കുന്നത്. എല്‍.ഡി.എഫില്‍ നിന്ന് പുറത്തുവന്നതുകൊണ്ടാണ് ശോഭയെ പിന്തുണച്ചതെന്ന ബി.ജെ.പി നേതാവിന്‍റെ വാദം തെറ്റാണെന്ന് ഇത് വ്യക്തമാക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും നേരത്തെ തന്നെ വോട്ടുകച്ചവടത്തെ കുറിച്ച് ധാരണയില്‍ എത്തിയിരുന്നതായാണ് ഈ രേഖകള്‍ തെളിയിക്കുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്‍റെ അറിവോടെ ബി.ജെ.പി വാർഡ് അംഗങ്ങളാണ് ശോഭാ ചാർലിയുടെ പേര് നിർദേശിച്ചതും പിന്താങ്ങിയതും. തെരഞ്ഞെടുപ്പിലും ബി.ജെ.പി നിർത്തിയ ഔദ്യോഗിക സ്ഥാനാർഥികളെ എൽ.ഡി.എഫ് പിന്തുണച്ചു.
സംസ്ഥാന നേതൃത്വങ്ങളുടെ അറിവോടെ ഇരുപാർട്ടികളും തമ്മിലുണ്ടാക്കിയ ധാരണ സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായപ്പോൾ വിശദീകരിക്കാൻ സി.പി.എമ്മോ ബി.ജെ.പിയോ തയാറായിരുന്നില്ല. തുടർന്ന് ഇരുപാർട്ടികളുടെയും രാഷ്ട്രീയ ബന്ധം പുറത്തു വരാതിരിക്കാൻ ശോഭാ ചാർലിയും ബി.ജെ.പി നേതാവും തമ്മിലുണ്ടാക്കിയ തട്ടിക്കൂട്ട് കരാറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ കരാര്‍ രേഖ പുറത്തുകാട്ടി രാഷ്ട്രീയ വിവാദം അവസാനിപ്പിക്കാനുള്ള നീക്കമാണ് സി.പി.എമ്മും ബി.ജെ.പിയും ഇപ്പോള്‍ നടത്തുന്നത്.