അതിജീവനത്തിനായി പോരാടുന്ന സിപിഎമ്മിന്റെ ബംഗാള്‍ ഘടകം പിണറായി വിജയന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താത്തതില്‍ പ്രതിഷേധം കടുപ്പിച്ച് രംഗത്തെത്തി. സിപിഎമ്മിന്റെ ഒരേയൊരു മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് ബംഗാളില്‍ പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്താത്തതില്‍ ശക്തമായി പ്രതിഷേധം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. പിണറായിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടും ബംഗാളില്‍ എത്താതെ കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പിണറായി വിജയന് ലണ്ടനിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി പറന്നുനടക്കുകയായിരുന്നുവെന്നാണ് സിപിഎം ബംഗാള്‍ ഘടകം ആരോപിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും സിപിഎം ബംഗാളില്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ ഒരേ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി പ്രചരണത്തിന് എത്തേണ്ട ബാധ്യത പിണറായിയ്ക്കുണ്ടായിരുന്നു എന്നാണ് ബംഗാളില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ തന്നെ പറയുന്നത്.
പിണറായി പ്രചരണത്തിന് ബംഗാളില്‍ എത്താത്തത് രണ്ട് തെറ്റായ സന്ദേശങ്ങളാണ് പാര്‍ട്ടി അണികള്‍ക്കിടയില്‍ ബംഗാളില്‍ പ്രചരിക്കുന്നത് എന്നാണ് പാര്‍ട്ടി ബംഗാള്‍ ഘടകം വ്യക്തമാക്കുന്നത്. ഒന്ന്.. ലാവലിന്‍ കേസില്‍ പെട്ട് കിടക്കുന്ന പിണറായി ബിജെപിയെ സുഖിപ്പിക്കാനായിരുന്നു പാര്‍ട്ടി പ്രചരണത്തില്‍ നിന്നും വിട്ടു നിന്നത് എന്നാണ് ഒരു വിഭാഗം സിപിഎം നേതൃത്വം ആരോപിക്കുന്നത്. ഒപ്പം ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തിന് പിണറായിക്ക് താത്പര്യം ഇല്ല എന്ന സന്ദേശവും ഇത് നല്കുന്ന എന്നതാണ് ബംഗാളിലെ സിപിഎം നേതാക്കള്‍ നല്കുന്ന വ്യാഖ്യാനങ്ങള്‍. എന്തായാലും അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും പിണറായി ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ടു നിന്നത് ഉയര്‍ത്തിക്കൊണ്ടു വരാനാണ് സിപിഎം ബംഗാള്‍ ഘടകത്തിന്റെ തീരുമാനം.