ഇടുക്കിയില്‍ മധ്യവയസ്കന്‍റെ കൈയ്യും കാലും സിപിഎമ്മുകാർ തല്ലിയൊടിച്ചു

Jaihind Webdesk
Wednesday, March 2, 2022

ഇടുക്കി : ഫേസ്ബുക്കിൽ കമന്‍റിട്ടതിന് ഇടുക്കി കരിമണ്ണൂരിൽ മധ്യവയസ്കന് സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ ക്രൂര മർദനം. ഇരുമ്പ് പൈപ്പ് കൊണ്ട് കൈയും കാലും അടിച്ചൊടിച്ചു. അൻപത്തിയൊന്നുകാരനായ ജോസഫ് വെച്ചൂരിനെയാണ് സിപിഎം കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി സുമേഷിന്‍റെ നേതൃത്വത്തിൽ മർദിച്ചത്.

കേരള കോൺഗ്രസ് എം മണ്ഡലം ഭാരവാഹിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റിൽ കമന്‍റിട്ടെന്നാരോപിച്ചാണ് ജോസഫിനെ മർദിച്ചത്. മുൻകാല സിപിഎം പ്രവർത്തകനാണ് ഹോട്ടൽ ജീവനക്കാരൻ കൂടിയായ ജോസഫ്. ഇന്നലെ രാത്രി കടയിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ഇദ്ദേഹത്തെ തല്ലി ചതച്ചത്. കോൺഗ്രസ് പ്രവർത്തകരെന്ന വ്യാജേന ഫോണിൽ വിളിച്ച് ജോസഫ് നിൽക്കുന്ന സ്ഥലം മനസിലാക്കിയശേഷമായിരുന്നു ഏരിയ സെക്രട്ടറി പിപി സുമേഷിന്‍റെ നേതൃത്വത്തിൽ ഇരുപതംഗ സംഘത്തിന്‍റെ ആക്രമണം.

ജോസഫിന്‍റെ മകൻ ഡിവൈഎഫ്ഐയിൽ നിന്ന് മാറി യൂത്ത് കോൺഗ്രസിൽ ചേർന്നതും പ്രകോപന കാരണമായി. ഏരിയാ സെക്രട്ടറിയടക്കം പ്രതിയായ കേസ് ആട്ടിമറിക്കപ്പെടുമോയെന്ന് ആശങ്കയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഗുരുതര പരുക്കു പറ്റിയ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് ജോസഫ്.