കടം കയറി ആത്മഹത്യ ചെയ്ത വ്യക്തിയുടെ ഭൂമിയിൽ കൊടികുത്തി സിപിഎം; ഭൂമി വിൽക്കാനാകാതെ വലഞ്ഞ് കുടുംബം

കൊല്ലം മൺട്രോതുരുത്തിൽ കടം കയറി ആത്മഹത്യ ചെയ്ത വ്യക്തിയുടെ ഭൂമിയിൽ കൊടികുത്തി സിപിഎം വില്പന തടഞ്ഞു.  സി പി എമ്മി ന്‍റെ മനുഷ്യത്തരഹിത സമീപനത്തെ തുടർന്ന് കടം കയറി നിൽക്കുന്ന കുടുംബം ഭൂമി വിൽക്കാനാകാതെ വലയുകയാണ്. പ്രശ്നപരിഹാരം തേടി പൊലീസിനും സി പി എം നേതൃത്വത്തിനും കുടംബം പരാതി നൽകി.

പിറവന്തൂർ വെട്ടിത്തിട്ട സ്വദേശിയായ കെ.എം. ഷെറീഫ് 2000ലാണ് കൊല്ലം മൺറോത്തുരുത്തിലെ പട്ടംതുരുത്തിൽ 1.33 ഏക്കർ ഭൂമി 2000ലാണു ഭാര്യ റുഖിയാ ബീവിയുടെ പേരിൽ വിലയ്ക്കു വാങ്ങിയത്. ഇവിടെ മുൻ ഉടമ നടത്തിയിരുന്ന ഇഷ്ടികക്കമ്പനിയുടെ കടബാധ്യതകളെല്ലാം തീർത്താണ് ഭൂമി വിലയാധാരമായി രജിസ്റ്റർ ചെയ്തത് . പിന്നീട് കുറച്ചു നാൾ ഷെറീഫ് ഇഷ്ടികക്കമ്പനി നടത്തിയെങ്കിലും കടബാധ്യത മൂലം 2001ൽ കമ്പനി പൂട്ടി. കടബാധ്യത വർദ്ധിച്ച് പിടിച്ചുനിൽക്കാനാകാതെ വന്നതോടെ 2011ൽ ഷെറീഫ് ആത്മഹത്യ ചെയ്തു.

കഴിഞ്ഞ വർഷം മകളുടെ വിവാഹം നടത്തിയതിനെത്തുടർന്ന് കടബാധ്യത തീർക്കാൻ ഷെറീഫിന്‍റെ ഭാര്യയും മകനും ഈ വസ്തു വിൽക്കാൻ ശ്രമിച്ചതോടെയാണ് പ്രാദേശിക സിപിഎം പ്രവർത്തകർ കൊടി നാട്ടി തടസ്സങ്ങൾ സൃഷ്ടിച്ചത്.

ഷെറീഫിന്‍റെ കുടുംബം ഭൂമി വാങ്ങുന്നതിന് മുമ്പ് ഉള്ള ഇഷ്ടികക്കമ്പനിയിലെ തൊഴിലാളികൾക്കു നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

മുന്നോട്ടുള്ള ജീവിതത്തിന് ഭൂമി വിൽക്കുക മാത്രമാണ് കുടുംബത്തിന് മുന്നിലുള്ള മാർഗ്ഗം കടബാധ്യത തീർക്കാനായില്ലെങ്കിൽ പിതാവിന് പിന്നാലെ ആത്മഹത്യ മാത്രമാണ് കുടുംബത്തിന് മുന്നിലുള്ളതെന്നും മകൻ പറയുന്നു. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഭൂമി കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്നാണ് പ്രതിസന്ധി സൃഷ്ടിക്കുന്നവർ പറയുന്നതെന്നും മകൻ പറഞ്ഞു.

ഇതേത്തുടർന്ന് ഇവർ പൊലീസിനും ഉന്നത സിപിഎം നേതാക്കൾക്കും പരാതി നൽകി.

സിപിഎം പ്രവർത്തകർ നടത്തുന്ന മനുഷ്യത്വരഹിതമായ സമരം കടബാധ്യതയിലായി നിത്യദുരിതത്തിലായ കുടുംബത്തിനെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളി വിടുകയാണ്.

https://youtu.be/rXYUv0Bc758

Comments (0)
Add Comment