സിപിഎം ഏരിയ സെക്രട്ടറിയുടെ ആത്മഹത്യ; അന്വേഷണം ജില്ലാ നേതാക്കളിലേക്ക്


പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്‍. പ്രദീപിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കാന്‍ സിപിഎം. പാര്‍ട്ടിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ജില്ലാ നേതാക്കളിലേക്ക് നീളുമെന്നാണ് വിവരം. സാമ്പത്തിക ക്രമക്കേടുകളില്‍ പ്രദീപിനെ ഇരയാക്കിയെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നുമാണ് ഉയരുന്ന ആരോപണം. 2023 മെയ് അഞ്ചിനായിരുന്നു സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പിആര്‍ പ്രദീപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഎം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കണ്ടത്. പിന്നീട് പ്രദീപിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ വിവാദമുണ്ടായത്. ആത്മഹത്യയുടെ കാരണക്കാരെ ചൊല്ലിയായിരുന്നു വിവാദം. സാമ്പത്തിക ബാധ്യതമൂലമാണ് പ്രദീപ് മരിച്ചതെന്ന് ചില നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലെ സത്യാവസ്ഥാ പുറത്തുകൊണ്ടുവരാന്‍ ഏരിയാകമ്മറ്റി അംഗം തന്നെ പാര്‍ട്ടിക്ക് പരാതി നല്‍കുകയായിരുന്നു. പ്രദീപിനൊപ്പം പ്രവര്‍ത്തിച്ച മുതിര്‍ന്ന പ്രവര്‍ത്തകരെ ലക്ഷ്യം വെച്ചുകൊണ്ടാണ് പരാതി. സഹകരണ ബാങ്കുകളിലും പാര്‍ട്ടി ഫണ്ടുകളിലും ഇക്കൂട്ടര്‍ നടത്തിയ വെട്ടിപ്പുകള്‍ പ്രദീപിനെ കടക്കാരനാക്കിയെന്നാണ് പരാതിയിലുള്ളത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാകമ്മിറ്റി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ പരിശോധനയ്ക്കാണ് പാര്‍ട്ടിയുടെ തീരുമാനം. അടുത്ത ദിവസം ഏരിയാതലത്തില്‍ തെളിവെടുക്കും. അതേസമയം, അന്വേഷണം ജില്ലാ നേതാക്കളിലേക്ക് നീളുമെന്നാണ് സൂചന.

Comments (0)
Add Comment