സിപിഎം കാട്ടാക്കട ഏരിയ സമ്മേളനത്തില്‍ വിഭാഗീയത മറനീക്കി : മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുമെതിരെ രൂക്ഷ വിമർശനം

Jaihind Webdesk
Wednesday, December 15, 2021

തിരുവനന്തപുരം : സിപിഎം കാട്ടാക്കട ഏരിയ സമ്മേളനത്തില്‍ സർക്കാരിനെതിരേയും മന്ത്രിസഭയ്ക്കെതിരേയും കടുത്ത വിമർശനങ്ങള്‍ ഉയർത്തി പ്രവർത്തകർ. മുഖ്യമന്ത്രി പിണറായി വിജയനേയും സമ്മേളനത്തില്‍ വെറുതെ വിട്ടില്ല. മന്ത്രിസഭാ രൂപീകരണത്തില്‍ പുതുമുഖങ്ങളെ മാത്രം പരിഗണിച്ചതിലും പൊലീസ് ഭരണത്തിലെ വീഴ്ചകളും ചൂണ്ടിക്കാണിച്ചാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പലതും ഏരിയ സമ്മേളത്തിലെ പൊതുചര്‍ച്ചയിലും ഉയര്‍ന്നുവന്നു.

തുടര്‍ഭരണം ലഭിച്ച് പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ഏകാധിപത്യ സ്വഭാവമാണ് മുഖ്യമന്ത്രി കാണിച്ചതെന്നാണ് കാട്ടാക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധി വിമര്‍ശിച്ചത്. നടത്തിപ്പുകാരന്‍റെ ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തിയതാണ് പുതിയ മന്ത്രിസഭയെന്നും മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അഭിപ്രായം ഉയര്‍ന്നു. പോലീസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥ ഭരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് ആര്‍എസ്എസുകാരാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

മുട്ടില്‍ മരംമുറി വിവാദത്തില്‍ സിപിഐയും അവര്‍ ഭരിക്കുന്ന റവന്യൂ വകുപ്പുമാണ് പ്രതിസ്ഥാനത്ത്. നിര്‍ണായക സമയത്തെല്ലാം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന സിപിഐയുടെ യഥാര്‍ഥ സ്ഥിതി തുറന്നുകാണിക്കാന്‍ പാര്‍ട്ടി തയ്യാറാകണമായിരുന്നു. ഇതിന് സര്‍ക്കാരോ പാര്‍ട്ടിയോ തയ്യാറായില്ല. റവന്യു വകുപ്പില്‍ നടക്കുന്നത് പണപ്പിരിവാണെന്നും വിമര്‍ശനം ഉയര്‍ന്നു.

പരിചയസമ്പന്നരായ മന്ത്രിമാരെ മാറ്റിനിര്‍ത്തിയത് മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് പ്രധാന വിമര്‍ശനം. തീരുമാനങ്ങള്‍ പാര്‍ട്ടി കൂട്ടായി എടുത്തതാണെന്ന് സിപിഎം വിശദീകരിക്കുമ്പോഴും നടത്തിപ്പിക്കാരന്‍റെ  ഇഷ്ടത്തിന് കാര്യങ്ങള്‍ തീരുമാനിച്ചു എന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ തന്നെയാണ് പൊതുചര്‍ച്ച ലക്ഷ്യമിടുന്നത്.

കെ റെയില്‍ പദ്ധതി സംബന്ധിച്ചും വിമര്‍ശനമുണ്ട്. കെ റെയില്‍ പദ്ധതിയുടെ ഓഫീല്‍ ഡെപ്യൂട്ടി മാനേജരായി ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഭാര്യയെ നിയമിച്ചതിലും വിമര്‍ശനമുണ്ട്. ശക്തമായ വിഭാഗീയത നിലനില്‍ക്കുന്ന സ്ഥലങ്ങളിലാണ് സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് അഫിലിയേഷന് ശുപാര്‍ശ നല്‍കിയതിന് കാട്ടാക്കട എംഎല്‍എ ഐ.ബി സതീഷിനോട് വിശദീകരണം ചോദിച്ചതോടെയാണ് ജില്ലയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്.