തിരുവനന്തപുരം : അരുവിക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പോര് കനക്കുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജി.സ്റ്റീഫനെ കാലുവാരി തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിനെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു.
പി.ബി അംഗവും ജില്ലയുടെ ചുമതലക്കാരനുമായ കോടിയേരി ബാലകൃഷ്ണന്റെയും സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റേയും സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ മധുവിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സിപിഎം അന്വേഷണ സമിതിയെ നിയോഗിച്ചത്. മുന്‍ മേയറും ജില്ലാ സെക്രട്ടേറിയറ്റംഗവുമായ സി.ജയന്‍ ബാബു കണ്‍വീനറായും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.സി വിക്രമന്‍, ആര്‍.രാമു എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.
നിയമസഭ സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യംവച്ച് മണ്ഡലത്തില്‍ സജീവമായിരുന്നു മധു. സ്ഥാനാര്‍ത്ഥിയാകുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. എന്നാല്‍ അവസാനനിമിഷം സംസ്ഥാന നേതൃത്വം മധുവിനെ വെട്ടി ജി.സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മധു സഹകരിച്ചില്ലെന്നും കാലുവാരിയെന്നുമാണ് ആരോപണം. സ്റ്റീഫനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടയായിരുന്നു മധുവിന്റെ പ്രവര്‍ത്തനങ്ങളെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ ആരോപണമുയര്‍ന്നു.