സിപിഎമ്മും മുഖപത്രവും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു ; നിയമനടപടി സ്വീകരിക്കുമെന്ന് വി.പി സജീന്ദ്രൻ എം.എൽ.എ

കൊച്ചി : തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സിപിഎമ്മും ദേശാഭിമാനിയും തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് വി.പി സജീന്ദ്രൻ എം.എൽ.എ. വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

കോലഞ്ചേരിയിലെ ഒരു ബാങ്കിലെ തൻ്റെ അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ കൈമാറ്റം നടന്നെന്ന് സി.പി.എം മുഖപത്രം വ്യാജവാർത്ത നൽകിയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കെ.പി.സി.സിയും പാർട്ടി പ്രവർത്തകരും നൽകിയ പണം സ്വീകരിക്കാൻ തുടങ്ങിയ ബാങ്ക് അക്കൗണ്ടിൻ്റെ പേര് പറഞ്ഞാണ് വ്യാജപ്രചരണം നടത്തുന്നതെന്നും തെരഞ്ഞെടുപ്പിന് ശേഷം ഈ അക്കൗണ്ട് ക്ലോസ് ചെയ്തെന്നും വി.പി.സജീന്ദ്രൻ കൊച്ചിയിൽ പറഞ്ഞു.

ജീവിക്കുന്നത് തൻ്റെ പേരിലുള്ള രണ്ട് ഗ്യാസ് ഏജൻസിയുടെ വരുമാനം കൊണ്ടാണ്. അതിന് കൃത്യമായി നികുതി അടക്കുന്നുമുണ്ട്. കോൺഗ്രസിൽ നിന്നും പുറത്താക്കിയ  വ്യക്തിയെ കൂട്ടുപിടിച്ച് സി.പി.എം നടത്തുന്ന കള്ള പ്രചരണത്തിനെതിരെ ഗവർണ്ണർ, തെരഞ്ഞെടുപ്പ് കമ്മീഷൻ, റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും വി.പി.സജീന്ദ്രൻ വ്യക്തമാക്കി.

കുന്നത്ത്നാട് മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ജനം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കുന്നത്ത്നാട് മണ്ഡലത്തിൽ ട്വൻ്റി 20 മത്സരിച്ചാലും യുഡിഎഫിന് ജയിക്കാൻ കഴിയുമെന്നും വി.പി.സജീന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Comments (0)
Add Comment