മുഖ്യമന്ത്രി തന്നെ കലാപത്തിന് ആഹ്വാനം ചെയ്യുന്നു: രമേശ് ചെന്നിത്തല

webdesk
Sunday, January 6, 2019

സംസ്ഥാനത്ത് വർഗീയ സംഘർഷത്തിന് സി.പി.എം – ആർ.എസ്.എസ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്നെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. വർഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടത്തിനാണ് സി.പി.എം ശ്രമമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകർന്നു. ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമെന്നും പോലീസ് സേന നോക്കുകുത്തിയായെന്നും അദ്ദേഹം പറഞ്ഞു. സമാധാനജീവിതം ഉറപ്പാക്കുന്ന കാര്യത്തില്‍ പോലീസ് പരാജയപ്പെട്ട കാഴ്ചയാണ് കാണാനാകുന്നത്. പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴുന്നു.

സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പരാമർശം നടത്തിയാൽ കടുത്ത നടപടിയെടുക്കുമെന്ന് ഡി.ജി.പി പറയുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാക്കളെ ആക്ഷേപിച്ചാൽ ഒരു  നടപടിയുമില്ല. ജീവന് വരെ ഭീഷണിയുണ്ടായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുപോലും ഡി.ജി.പി ഒരു നടപടിയും സ്വീകരിച്ചില്ല. ഇത് ഏകപക്ഷീയമായ നടപടിയാണെന്നും സംസ്ഥാന സര്‍ക്കാരും പോലീസും ജനങ്ങളുടെ സ്വൈര്യജീവിതവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതില്‍ പൂര്‍ണപരാജയമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടരുന്ന ബി.ജെ.പി-സി.പി.എം അക്രമങ്ങള്‍ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വെല്ലുവിളിയാകുകയാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും കേരളം ഭരിക്കുന്ന സി.പി.എമ്മുമാണ് ഇതിന് ഉത്തരവാദികള്‍. കൂടുതല്‍ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് ഇരു ഭരണകൂടങ്ങളുടെയും വക്താക്കള്‍ ശ്രമിക്കുന്നത്.

കേന്ദ്ര ഗവണ്മെന്‍റിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ 8, 9 തീയതികളില്‍ നടക്കുന്ന പൊതുപണിമുടക്ക് കേരളത്തില്‍ ഹർത്താലാകരുതെന്ന് യു.ഡി.എഫ് സംഘടനകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തെ ഭ്രാന്താലയമാക്കാനുള്ള സി.പി.എം-സംഘപരിവാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി 12ന് തിരുവനന്തപുരത്തെ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നില്‍ ഒരു ദിവസത്തെ ഉപവാസം നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചു. ഭരണത്തകര്‍ച്ച, പ്രളയാനന്തര ദുരിതാശ്വാസത്തിലെ പരാജയം, വിശ്വാസത്തെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ജനുവരി 23ന് സെക്രട്ടറിയേറ്റും ജില്ലാ കളക്ട്രേറ്റുകളും  ഉപരോധിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതായും പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.