‘സിപിഎം ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥനായി, പിണറായി അടക്കം പങ്കെടുത്തു’ ; രഹസ്യബാന്ധവം ശരിവെച്ച് ശ്രീം എം

Jaihind News Bureau
Monday, March 1, 2021

തിരുവനന്തപുരം : സിപിഎം ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥനായെന്ന് സ്ഥിരീകരിച്ച് ശ്രീ എം. തിരുവനന്തപുരത്തും കണ്ണൂരിലും നടന്ന രണ്ട് യോഗങ്ങളിലാണ് മധ്യസ്ഥത വഹിച്ചത്. രണ്ടിടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടിയും മറ്റ് നേതാക്കളും പങ്കെടുത്തിരുന്നു.  2014 തന്നെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം യോഗ ക്യാമ്പ് സംഘടിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.  പ്രമുഖ മാധ്യമത്തോടാണ് ശ്രീ എമ്മിന്‍റെ പ്രതികരണം.

പിണറായിയും കോടിയേരിയും ആർഎസ്​എസ് നേതാക്കളായ ഗോപാലൻകുട്ടി മാസ്റ്റർ, വൽസൻ തില്ല​ങ്കേരി എന്നിവരുമായി അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചെന്ന വിവരം മലയാളി മാധ്യമ പ്രവർത്തകനാണ് വെളിപ്പെടുത്തിയത്. ഇക്കണോമിക്​ ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ്​ നാരായണൻ  ‘The RSS And The Making of The Deep Nation’ എന്ന തന്‍റെ പുസ്​തകത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീഎമ്മിന് യോഗ സെന്‍റർ സ്ഥാപിക്കാന്‍ തലസ്ഥാനത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് സർക്കാർ ഭൂമി അനുവദിച്ചത് വിവാദമായിരുന്നു.

അതേസമയം ഈ യോഗത്തിനു ശേഷമാണ് അതുവരെ അകല്‍ച്ചയില്‍ കഴിഞ്ഞ സിപിഎമ്മുമായി രഹസ്യമായി സഹകരിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചതെന്നാണ് വിവരം. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി എന്നിവരുടെ ആശിര്‍വാദത്തോടെയായിരുന്നു ചര്‍ച്ചകള്‍. ശ്രീ എം ആണ് പിണറായിക്കുവേണ്ടി ഇവരുമായ് നേരിട്ട് ബന്ധപ്പെട്ടത്. ഇടയ്ക്കിടെ ഇത്തരം കൂടിക്കാഴ്ചകള്‍ക്കുള്ള തീരുമാനവുമെടുത്താണ് അന്ന് പിരിഞ്ഞത്.
ഈ ഒത്തുതീര്‍പ്പിനു ശേഷമാണ് ആര്‍എസ്എസ് ആസ്ഥാനത്തിന്റെ നോമിനിയായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പിണറായിയുമായി ബന്ധപ്പെടുന്നത്. കോണ്‍ഗ്രസ് മുക്ത കേരളം എന്ന ആശയത്തിലെത്തിക്കാന്‍ സഹകരിക്കണമെന്നായിരുന്നു ആവശ്യം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുപ്പതോളം മണ്ഡലങ്ങളില്‍ രഹസ്യധാരണ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ്  ശ്രീ എമ്മിന് നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കിയതെന്ന ആരോപണവും ശക്തമാണ്. പത്ത് സീറ്റില്‍ ബിജെപിയെ ജയിപ്പിക്കാമെന്നാണ് ധാരണ. അതേസമയം സിപിഎമ്മിലെ ഒരു വിഭാഗം ഇതില്‍ കടുത്ത അതൃപ്തിയിലാണ്.
എ വിജയരാഘവന്‍ നയിച്ച ‘വികസന മുന്നേറ്റ യാത്ര’യുടെ സമാപന പരിപാടിയില്‍ നിന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിട്ടുനിന്നതും ഈ അതൃപ്തി കാരണമാണ്.

സംസ്ഥാന ബിജെപി ഘടകത്തിലെ പല നേതാക്കള്‍ക്കും ഈ രഹസ്യബാന്ധവത്തെക്കുറിച്ച് അറിയില്ല. അറിയാവുന്ന സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ ”കോണ്‍ഗ്രസ് മുക്ത കേരളമാണ് ലക്ഷ്യ” മെന്ന് കഴിഞ്ഞ ആഴ്ച പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നേതൃത്വങ്ങള്‍ തമ്മില്‍ ധാരണ ഉണ്ടാക്കിയാലും പരസ്പര സ്പര്‍ധയില്‍ കഴിയുന്ന അണികള്‍ അതേറ്റെടുക്കില്ലെന്ന ഭയവും ഇരുപക്ഷത്തുമുണ്ട്. രാഷ്ട്രീയ കേരളം കണ്ട ഏറ്റവും അധാര്‍മ്മികമായ ബാന്ധവത്തിനാണ് പിണറായി മുന്‍കയ്യെടുത്തതെന്നത് കടുത്ത പിണറായി ആരാധകരെപ്പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്.