പിൻവാതിൽ നിയമന കുംഭകോണം : സോളാർ തട്ടിപ്പുകാരി സരിതയെ ചിറകിനടിയിൽ ഒളിപ്പിച്ച് സി.പി.എമ്മും പിണറായി സർക്കാരും

Jaihind News Bureau
Tuesday, February 9, 2021

സോളാർ തട്ടിപ്പുകാരി സരിതയെ പിൻവാതിൽ നിയമന കുംഭകോണത്തിൽ ചിറകിനടിയിൽ ഒളിപ്പിച്ച് സി.പി.എമ്മും പിണറായി സർക്കാരും. തട്ടിപ്പ് കേസിൽ പ്രതിയായ സരിതയ്ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തെങ്കിലും സി.പി.എമ്മിന്‍റെ തട്ടിപ്പ് നടത്തുന്ന ഇഷ്ടക്കാരിയെ സംരക്ഷിക്കാനാണ് പാർട്ടി തീരുമാനം. മന്ത്രിമാരുടെ പേരിൽ 317 തവണ സരിത വിളിച്ചതായി ഫോൺ സംഭാഷണവും പുറത്ത് വന്നു.

ആരോഗ്യ കേരളം പദ്ധതിയിൽ ലക്ഷക്കണക്കിന് രൂപ കൈപറ്റി സരിത പിൻവാതിലുടെ നിയമനം നടത്തി എന്ന് വ്യക്തമാകുന്ന ശബ്ദ രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സി.പി.എമ്മിനും പിണറായി വിജയൻ സർക്കാരിനും വോട്ട് കിട്ടാനാണ് ഈ നിയമനങ്ങളെന്നും ശബ്ദരേഖയിൽ സരിത വ്യക്തമാകുന്നു.

കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളപ്പരാതി നൽകിയതിന്‍റെ പ്രത്യുപകാരമായി ലക്ഷങ്ങൾ വാങ്ങി പിൻവാതിൽ നിയമനം നടത്താൻ സി.പി.എം അനുവദിച്ചിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തുന്നു. നേരത്തെ കെ.ടി.ഡി.സി.യിലും ബിവറേജസ് കോർപ്പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് സരിത വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഈ പരാതിയിൽ സരിതയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നെയ്യാറ്റിൻകര പൊലീസ് കേസ് എടുത്തിട്ടണ്ട്. എന്നാൽ കേസ് എടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും സി.പി.എമ്മിന് വേണ്ടപ്പെട്ട സരിതയ്ക്ക് എതിരെ നടപടി സ്വീകരിക്കാൻ പൊലീസ് ഇതുവരെ തയറായിട്ടില്ല. മന്ത്രി തലത്തിലും പാർട്ടി തലത്തിലും സരിതയ്ക്ക് ഉള്ള ഉന്നത സ്വാധീനമാണ് ഇതിന് കാരണം.

താൻ സി.പി.എമ്മിന് വേണ്ടി പിൻവാതില്‍ നിയമനം നടത്തി എന്ന സരിതയുടെ ഫോൺ സംഭാഷണം പുറത്ത് വന്നിട്ടും പൊലീസ് അനങ്ങുന്ന മട്ടില്ല. തട്ടിപ്പുകാരിക്ക് രാഷ്ട്രീയ സംരക്ഷണം നൽകുകയാണ് പൊലീസും. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ വ്യാജ പരാതിയിൽ 24 മണിക്കൂറിനുള്ളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച പിണറായി സർക്കാർ ഈ തട്ടിപ്പുകാരിക്ക് സംരക്ഷണം നൽകുകയാണ്.