എല്ലാ കാലവും വർഗീയതയെയും അഴിമതിയെയും ചേർത്ത് പിടിച്ചത് സി.പി.എം :വി.ഡി സതീശൻ

Jaihind Webdesk
Wednesday, June 2, 2021

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് സംഖ്യം ഉണ്ടാക്കാൻ വർഗീയ കക്ഷികളുമായി കൂട്ടുക്കെട്ട് ഉണ്ടാക്കിയത് സി.പി.എമ്മാണെന്നത്തിന് ഉദാഹരണങ്ങൾ നിരത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയിലാണ് വി ഡി സതീശൻ സി.പി.എമ്മിനെ കടന്നാക്രമിച്ചത്..ചില കക്ഷികൾ എകെജി സെന്‍ററിന് അകത്ത് എത്തുമ്പോൾ മതേതരത്തിന്‍റെ കാവലാളുകളും എ.കെ.ജി സെന്‍ററിന് പുറത്ത് വരുമ്പോൾ വർഗീയ പാർട്ടികളുമാണ്.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെന്ന് കെ.എം മാണിയെ ആക്ഷേപിക്കുകയും അദ്ദേഹത്തിന്‍റെ കുടുംബത്തെ അഴിമതി കുടുംബമെന്ന് വിളിക്കുകയും ചെയ്തവർ ആ കുടുംബത്തിലെ ഇളമുറക്കാരന് എ.കെ.ജി സെന്‍ററിൽ പരവതാനി വിരിച്ച് മധുരം കൊടുത്തു സ്വീകരിച്ചപ്പോൾ പുണ്യവാളനായി. കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പിലും വെൽഫയർ പാർട്ടിയും ജമാത്തെ ഇസ്ലാമിയും പറവൂരിൽ ഇടതുപക്ഷത്തെ പരസ്യമായി പിന്തുണയ്ക്കുകയാണ് ചെയ്തത്. വെൽഫയർ പാർട്ടിയുടെയും ജമാത്തെ ഇസ്ലാമിയുടെയും ആസ്ഥാനത്ത് പിന്തുണ തേടി പോയിട്ടില്ലെന്ന് നെഞ്ചിൽ കൈവച്ച് പറയാൻ കഴിയുന്ന എത്ര സി.പി.എം നേതാക്കളുണ്ടെന്ന് വ്യക്തമാക്കണം.

ഈ തെരഞ്ഞെടുപ്പിൽ ഏതൊകെ മണ്ഡലങ്ങളിൽ സി പി എം ആർ.എസ്.എസുമായി സംഖ്യം ഉണ്ടാക്കിയെന്ന് തെളിവുകൾ സഹിതം പ്രതിപക്ഷം പുറത്തു വിട്ടതാണ്. ദേശീയതലത്തിൽ സംഘപരിവാർ രാഷ്ട്രീയത്തെ മുന്നിൽ നിന്ന് എതിർക്കുന്നത് കോൺഗ്രസാണ്. ബി.ജെ.പിയുടെ അജണ്ട കോൺഗ്രസ് മുക്തഭാരതമാണ്. യു.ഡി.എഫ്, ആർ.എസ്.എസുമായോ ബി.ജെ.പിയുമായോ സംഖ്യമുണ്ടാക്കിയിട്ടില്ല അതിന് തെളിവാണ് വി.ശിവൻകുട്ടി നിയമസഭയിൽ ഇരിക്കുന്നത്. നേമത്ത് കെ.മുരളീധരനെ മത്സരിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചിരിന്നില്ലെങ്കിൽ അവിടത്തെ റിസൾട്ട് മറ്റൊന്നാകുമായിരുന്നു.

സി.പി.എമ്മിലെ പോലെ ഒരാൾ എഴുതി കൊണ്ട് വരുന്നത് വായിച്ചു കേട്ട് കൈയടിച്ച് പിരിയുന്നതല്ല കോൺഗ്രസിന്‍റെ ജനാധിപത്യം. കോൺഗ്രസിൽ നടന്നത് രമേശ് ചെന്നിത്തലയും വിഡി സതീശനും തമ്മിലുള്ള മത്സരമല്ല മറിച്ച് മാറ്റം ആവശ്യമാണെന്ന ചർച്ചയാണ്. അതിന്‍റെ ഭാഗമായാണ് താൻ പ്രതിപക്ഷ നേതാവയത്. ഉൾപ്പാർട്ടി ജനാധിപത്യത്തെക്കുറിച്ച് സി.പി.എമ്മിനെ പോലെ ചിന്തിക്കാൻ കോൺഗ്രസിന് താൽപ്പര്യമില്ല. ആളിക്ക ത്തേണ്ട ഘട്ടത്തിൽ ആളക്കത്താൻ പ്രതിപക്ഷത്തിന് മടിയില്ല. എതിർക്കേണ്ട വിഷയങ്ങളെ ശക്തമായി തന്നെ എതിർക്കും.

അതേ സമയം അനുകൂലിക്കേണ്ടവയെ ഉപാധികളില്ലാതെ പിന്തുണയ്ക്കും.കോവിഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചപ്പോൾ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രതികരണം നിർഭാഗ്യകരമാണ്. കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് എല്ലാവിധ പിന്തുണയും പ്രതിപക്ഷത്തിന് നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.അനിയന്ത്രിതമായ കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ രോഗ വർധന ഉണ്ടാകുകയും മരണ സംഖ്യ ക്രമാതീതമായി ഉയർന്ന സാഹചര്യവും വാക്സിൻ ലഭ്യതയുടെ അപര്യാപ്തതയും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. എം. കെ. മുനീർ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിൽ ഇടപെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.