‘ശ്രേയാംസ് കുമാറിനെയും സിപിഎം വഞ്ചിച്ചു; ആര്‍ജെഡിയെ ഒഴിവാക്കുന്നത് ബിജെപിയെ പ്രീണിപ്പിക്കാന്‍’: ചെറിയാന്‍ ഫിലിപ്പ്

 

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനറായിരുന്ന എം.പി. വീരേന്ദ്രകുമാറിനെ ദ്രോഹിച്ച സിപിഎം അദ്ദേഹത്തിന്‍റെ മകൻ എം.വി. ശ്രേയാംസ് കുമാറിനെയും രാഷ്ട്രീയ ജനതാദളിനെയും ക്രൂരമായി വഞ്ചിച്ചെന്ന് ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ ജനതാദളിന് മന്ത്രി സ്ഥാനമോ, ലോക്സഭാ സീറ്റോ രാജ്യസഭാ സീറ്റോ എൽഡിഎഫ് നൽകാത്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

2009-ൽ നിലവിലുണ്ടായിരുന്ന എം.പി. വീരേന്ദ്രകുമാറിന്‍റെ ലോക്സഭാ സീറ്റ് പിടിച്ചെടുത്തതും ജനതാദളിനെ എൽഡിഎഫിൽ നിന്നും പുകച്ചു പുറത്താക്കിയതും സിപിഎം ആണ്. കോൺഗ്രസ് തങ്ങളുടെ രാജ്യസഭാ സീറ്റ് ത്യജിച്ചാണ് വീരേന്ദ്രകുമാറിന് നൽകിയത്. പിന്നീട് സിപിഎം നേതാക്കൾ കാലുപിടിച്ചാണ് വീരേന്ദ്രകുമാറിനെയും പാർട്ടിയേയും എൽഡിഎഫിലേക്ക് ആനയിച്ചത്. വീരേന്ദ്രകുമാറിന്‍റെ മരണശേഷം ബാക്കിവന്ന ചുരുങ്ങിയ കാലാവധിയിൽ ശ്രേയാംസ് കുമാർ രാജ്യസഭാംഗമായെങ്കിലും പിന്നീട് രണ്ടു തവണ ഒഴിവുവന്നപ്പോഴും അവഗണിക്കുകയാണ് ചെയ്തതെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

എൽഡിഎഫ് മന്ത്രിസഭയിൽ എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകിയപ്പോൾ രാഷ്ട്രീയ ജനതാദളിലെ കെ.പി. മോഹനനെ മാത്രം ഒഴിവാക്കി. നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായ കുമാരസ്വാമിയുടെ ജനതാദൾ എസിന്‍റെ പ്രതിനിധി ഇപ്പോഴും എൽഡിഎഫ് മന്ത്രിസഭയിൽ തുടരുന്നു. ബിജെപിയുമായുള്ള സിപിഎം അവിഹിത ബന്ധത്തിന്‍റെ പാലമായാണ് ജനതാദൾ എസ് പ്രവർത്തിച്ചു വരുന്നത്. ബിജെപിയെ പ്രീണിപ്പിക്കാനാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ ജനതാദളിനെ സിപിഎം തുടർച്ചയായി ഒഴിവാക്കി കൊണ്ടിരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

Comments (0)
Add Comment