കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞിരുന്നു; ശബ്ദരേഖ പുറത്ത്

Jaihind Webdesk
Saturday, August 7, 2021

 

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞിരുന്നു എന്നതിന്‍റെ തെളിവുകൾ പുറത്ത്. 2018 ഡിസംബർ 8ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തിരുന്നു. ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് കൂടി അംഗമായ ബ്രാഞ്ചിൽ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിലാണ് വിമർശനം ഉയർന്നത്. ഇതിന്‍റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് അടുത്ത കാലത്താണ് ശ്രദ്ധയിൽപ്പെട്ടതെന്ന സിപിഎമ്മിന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. പൊറത്തിശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് 2018 ഡിസംബർ 8 ന് നടന്ന യോഗത്തിൽ വിമർശനം ഉന്നയിക്കുന്നത്. ബിനാമി ലോണുകൾ നൽകുന്നതും ഒരു ഈടിന്മേൽ പരിധിയിൽ കൂടുതൽ വായ്പ അനുവദിക്കുന്നതിനെതിരെയും ശക്തമായ വിമർശനമാണ് ഉയർന്നത്.

ഒരേ വസ്തുവിന്മേൽ ഉടമ അറിയാതെ അഞ്ചും ആറും ലോണുകൾ നൽകുന്നതിനെയും യോഗത്തിൽ എതിർക്കുന്നുണ്ട്. ബിനാമി ലോണുകൾ പുതുക്കേണ്ടതില്ല എന്ന തീരുമാനം ലംഘിച്ചു എന്ന് പറയുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്. ബാങ്ക് തട്ടിപ്പ് ചർച്ച ചെയ്യാൻ തൃശൂരിൽ നടന്ന സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ വിവരം ലഭിച്ചിട്ടും ബാങ്കിനെതിരെ നടപടി നടപടി സ്വീകരിക്കാൻ തയാറാകാത്ത പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.