സ്ത്രീപക്ഷം ‘സ്ത്രീവിരുദ്ധ’മായി ; സ്വന്തം മുന്നണിയിലെ വനിതാ ജനപ്രതിനിധിക്കെതിരെ മോശം പരാമർശങ്ങളുമായി സിപിഎം

തിരുവനന്തപുരം: സ്‌ത്രീവിരുദ്ധതക്കെതിരെ സംസ്ഥാന വ്യാപകമായി ‘സ്‌ത്രീപക്ഷ ക്യാമ്പെയ്ൻ’ നടത്തുന്നതിനിടെ സ്വന്തം മുന്നണിയിലെ വനിതാ ജനപ്രതിനിധിക്കെതിരെ കടുത്ത സ്‌ത്രീവിരുദ്ധ പരാമർശങ്ങളുമായി സിപിഎം. തിരുവനന്തപുരം കല്ലറ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻഷ ബി. ഷറഫിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ സ്‌ത്രീവിരുദ്ധ പ്രചാരണം നടക്കുന്നത്.

മേഖലയിൽ നിലനിൽക്കുന്ന സിപിഎം-സിപിഐ പ്രാദേശിക തർക്കമാണ് സൈബർ പ്രചാരണങ്ങള്‍ക്ക് പിന്നില്‍. അടുത്തിടെ സിപിഎം വിട്ട്  നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും സിപിഐയിൽ ചേർന്നിരുന്നു. ‘ആറ് പേർ തികച്ചില്ലാത്ത പാർട്ടിക്കാരിയെ ആറായിരം വോട്ടിന് ജയിപ്പിച്ചു, ഇപ്പോൾ പണി എടുത്തവർക്കിട്ട് പണിയാൻ നടക്കുന്നു’ തുടങ്ങി സഭ്യതയുടെ അതിരുകളെല്ലാം ലംഘിക്കുന്ന  നിരവധി വാചകങ്ങളും ബിൻഷക്കെതിരെ സിപിഎം അംഗങ്ങള്‍ ഫേസ്ബുക്കിൽ കുറിച്ചു. പരാമർശം ഏറ്റുപിടിച്ച് മറ്റ് പാർട്ടി അംഗങ്ങളും അനുഭാവികളും രംഗത്തെത്തി.

വനിതകളായ സിപിഎം ജനപ്രതിനിധികളും ഏരിയാ കമ്മിറ്റി അംഗവും പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തി. സ്‌ത്രീവിരുദ്ധതക്കെതിരെ സ്‌ത്രീപക്ഷ ക്യാമ്പെയ്ന് തുടക്കം കുറിച്ച സിപിഎം  മറുവശത്ത് സ്വന്തം മുന്നണിയിലെ ജനപ്രതിനിധിയെ തന്നെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നത് ക്യാമ്പെയ്നിന്‍റെ കാപട്യം വ്യക്തമാക്കുന്നതായി മാറി.

Comments (0)
Add Comment