മുഖ്യമന്ത്രിയുടെ നാട്ടിലും സ്ത്രീകള്‍ക്ക് രക്ഷയില്ല ; ഗർഭിണി ഉൾപ്പടെയുള്ളവരെ സിപിഎം പ്രവർത്തകർ കയ്യേറ്റം  ചെയ്തു

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാട്ടിൽ സ്ത്രീകൾക്ക് നേരെ സിപിഎം പ്രവർത്തകരുടെ അതിക്രമം.  പിണറായി പടന്നക്കരയിൽ ഗർഭിണി ഉൾപ്പടെയുള്ളവരെ  പ്രവർത്തകർ കയ്യേറ്റം  ചെയ്തു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.

പിണറായി പടന്നക്കരയിലെ ലളിതക്കും കുടുംബത്തിനും നേരെയായിരുന്നു  അതിക്രമം. ട്രാക്കോ കമ്പനിക്കു സമീപത്തെ ലളിതയുടെ വീടിന്‍റെ ചുറ്റുമതിൽ റോഡ് വീതി കൂട്ടാനെന്ന പേരില്‍  കുടുംബത്തിന്‍റെ  അനുവാദമില്ലാതെ സിപിഎം പ്രവർത്തകർ പൊളിച്ചുനീക്കാൻ ശ്രമിച്ചു. നീക്കം തടഞ്ഞ ലളിതയേയും മകന്‍റെ ഭാര്യയേയും പ്രവർത്തകർ അക്രമിക്കുകയായിരുന്നു. സി.പി.എം പ്രവർത്തകരായ ഷാനവാസ്, സിദ്ധാർത്ഥൻ, പുഷ്പഹാസൻ ഉൾപ്പെടെയുള്ളവാരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് ലളിത പറഞ്ഞു.

അതേസമയം സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ഇടപെടാതെ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. പരിക്കേറ്റ ലളിതയും മകന്‍റെ ഭാര്യയും തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി. തനിക്ക് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പലതവണ പൊലീസിനോട് രേഖാമൂലവും അല്ലാതെയും ലളിത ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് സംരക്ഷണം നൽകാൻ തയ്യാറായില്ല. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ലളിത പഞ്ചായത്ത് പ്രസിഡന്‍റിനോടും  പിണറായി പൊലീസ് സ്റ്റേഷനിലെ എസ്ഐയോടും ആവശ്യപ്പെട്ടെങ്കിലും  പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ലെന്നും  ആക്ഷേപമുണ്ട്.

https://youtu.be/osWzHWrfxCI

Comments (0)
Add Comment