സിപിഎം-സിപിഐ സംഘർഷം ; സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി

Jaihind News Bureau
Saturday, March 27, 2021

 

തൃശൂർ : ചാലക്കുടി പരിയാരത്ത് സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. സിപിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്നും പോലിസ് വിശദീകരിക്കുന്നു.

വെറ്റിലപ്പാറ സ്വദേശി 56 വയസ്സുള്ള ഡേവിസ് ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘം വീട്ടിലെ പറമ്പിൽവെച്ച് വെട്ടി
പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ ഡേവിസിനെ ചാലക്കുടിയിലും പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

രാവിലെ ഏഴു മണിയോടെയാണ് സംഭവം. പ്രദേശത്തെ ഒരു സിപിഐ പ്രവർത്തകനെ മാസങ്ങൾക്ക് ഡേവിസ് മർദ്ദിച്ചിരുന്നു. ഇത് പറഞ്ഞുതീർക്കാൻ ശ്രമം നടന്നിരുന്നെങ്കിലും മര്‍ദ്ദനമേറ്റ സിപിഐ പ്രവര്‍ത്തകന്‍ സമ്മതിച്ചിരുന്നില്ല. ഇതിനിടയിൽ കോൺഗ്രസ് പ്രവർത്തകനായ ഡേവിസ് പാർട്ടി മാറി സിപിഎമ്മിൽ ചേരുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ പറമ്പിൽ പശുവിനെ കെട്ടാൻ പോയ ഡേവിസിനെ അന്ന് മര്‍ദനത്തിന് ഇരയായ സിപിഐ പ്രവര്‍ത്തകനും മറ്റും രണ്ട് പേരും ചേർന്ന് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു.