സത്യാഗ്രഹത്തിന് നേരെ പ്രതിഷേധ ജാഥ സംഘടിപ്പിച്ച് മനഃപൂർവമായി അക്രമം നടത്താൻ സിപിഎം ശ്രമമെന്ന് പരാതി; പ്രതിഷേധ ജാഥ മേയറുടെ നേതൃത്വത്തിൽ

തിരുവനന്തപുരം പേട്ടയിലെ കോൺഗ്രസ് പാർട്ടി ഓഫീസ് അടിച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭ യുഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവും കൗൺസിലറുമായ ഡി. അനിൽകുമാർ നടത്തിയ സത്യാഗ്രഹത്തിന് നേരെയും സി പി എം അക്രമം അഴിച്ച് വിടാൻ ശ്രമം. മേയറുടെ നേതൃത്വത്തിൽ സി പി എം ജാഥ സംഘടിപ്പിച്ച് മനഃപൂർവമായി അക്രമം നടത്താൻ ശ്രമിച്ചതായി പരാതി.

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി സി പി എം അക്രമം അഴിച്ച് വിട്ടത്. ഇന്നലെ വൈകിട്ട് പേട്ടയിലെ കോൺഗ്രസ് ഓഫീസും സിപിഎം പ്രവർത്തകർ തകർത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ തിരുവനന്തപുരം നഗരസഭ യു ഡി എഫ് പാർലമെന്‍ററി പാർട്ടി നേതാവ് ഡി. അനിൽകുമാർ സത്യാഗ്രഹം സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമാധാനപരമായി നടത്തിയ സത്യാഗ്രഹത്തിന് നേരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ ജാഥയ്ക്ക് തിരുവനന്തപുരം നഗരസഭ മേയർ നേതൃത്വം നൽകി. ഔദ്യോഗിക വാഹനത്തിലെത്തിയായിരുന്നു മേയർ ജാഥയിൽ പങ്കെടുത്തത്. സത്യാഗ്രഹ സമരം സംഘടിപ്പിച്ച കോൺഗ്രസ് ഓഫീസിന് സമീപത്ത് ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായി സി പി എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.

സംസ്ഥാന വ്യാപകമായി സി പി എം -ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന്‌ വി.എസ് ശിവകുമാർ എം.എൽ.എ പറഞ്ഞു.

സിപിഎം പ്രവർത്തകർ മനഃപൂർവമായി സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നതായി കെ പി സി സി ഉപാധ്യക്ഷൻ ടി. ശരത്ചന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു.

സംസ്ഥാന വ്യാപകമായി സി പി എം നടത്തുന്ന അക്രമത്തിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.

https://youtu.be/i8jPZJDJmEA

Comments (0)
Add Comment