സവർക്കർക്ക് വീരപരിവേഷം ചാര്‍ത്തി സിപിഎം കുറിപ്പ്; ഏറ്റെടുത്ത് ബിജെപി

Jaihind Webdesk
Thursday, August 4, 2022

 

തിരുവനന്തപുരം : സവർക്കർക്ക് വീരപരിവേഷം ചാര്‍ത്തിക്കൊണ്ടുള്ള സിപിഎം കുറിപ്പ് ചര്‍ച്ചയാകുന്നു. ആന്‍ഡമാനിലെ തടവറയില്‍ അടയ്ക്കപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള സിപിഎം കുറിപ്പ് ബിജെപി രാഷ്ട്രീയമായി ഏറ്റെടുക്കുകയും ചെയ്തതോടെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സിപിഎമ്മിന്‍റെ ബിജെപി അനുഭാവം പ്രകടമാക്കുന്ന പോസ്റ്റ് എന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

‘കുപ്രസിദ്ധമായ അന്തമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ. ഈ ധീരയോദ്ധാക്കളിൽ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്’ – ഇതായിരുന്നു സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റ്.

1909-1921 കാലയളവിലെ സെല്ലുലാർ ജയിലിലെ തടവുകാരുടെ വിവരങ്ങളുംപങ്കുവെച്ചു. ഇതിൽ ബോംബെയിൽനിന്നുള്ള മൂന്നാമത്തെ പേരുകാരൻ വിനായക് ദാമോദർ സവർക്കർ എന്ന വി.ഡി സവർക്കർ ആണ്. തടവുകാരുടെ പേര് കൊത്തിവെച്ച ഫലകത്തിന്‍റെ ചിത്രവും നൽകി. തൊട്ടുപിന്നാലെ സിപിഎമ്മിന്‍റെ പോസ്റ്റ് ‘അങ്ങനെ സവർക്കറെയും സഖാവാക്കി’ എന്ന രീതിയില്‍ ബിജെപി ആഘോഷമാക്കി‌.

‘സ്വാതന്ത്ര്യസമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്‌കതയ്ക്ക് നമോവാകം. ഓഗസ്‌റ്റ് 15 അല്ല, ഇതാപത്തു പതിനഞ്ചാണെന്നാണ് 1947-ൽ പറഞ്ഞത്. പതിനഞ്ചുകൊല്ലം ത്രിവർണപതാക വലിച്ചുതാഴ്ത്തി കരിങ്കൊടികെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്’ – ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ സിപിഎമ്മിന്‍റെ പോസ്റ്റ് പങ്കുവെച്ച് കുറിച്ചു. സവർക്കർ ഉള്‍പ്പെടെയുള്ളവരുടെ സ്വാതന്ത്ര്യസമര പങ്കാളിത്തം അംഗീകരിക്കുന്നതിന് പാർലമെന്‍റിൽവന്ന സ്വകാര്യ ബില്ലിനെ എകെജി പിന്തുണച്ചുവെന്നും സംഘപരിവാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സംഭവം വിവാദമായതോടെ ‘ധീര യോദ്ധാക്കള്‍ ജയില്‍ വാസം അനുഭവിച്ചപ്പോള്‍ മാപ്പെഴുതിക്കൊടുത്ത് സവർക്കർ പുറത്തിറങ്ങുകയായിരുന്നു’വെന്ന ന്യായീകരണ ക്യാപ്സൂളുകളും സിപിഎം സൈബറിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.