ഫണ്ട്‌ വിനിയോഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വ്യാജ പ്രചാരണവുമായി സിപിഎം: നുണകൾ പൊളിച്ചടുക്കി കണക്കുകൾ; ഏറെ പിന്നിലുള്ളത് സിപിഎം എംപി

 

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎമ്മിന്‍റെ വ്യാജ പ്രചാരണം. എന്നാല്‍ പ്രചാരണം പൊളിച്ചടുക്കി ഫണ്ട് വിനിയോഗത്തില്‍ കേരളത്തിലെ തന്നെ രണ്ടാമത്തെ എംപിയാണ് രാഹുല്‍ ഗാന്ധിയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം ഇന്നു രാവിലെ മുതല്‍ വ്യാപക നുണ പ്രചാരണമാണ് ആരംഭിച്ചിരിക്കുന്നത്. കാക്കനാടുള്ള ഒരു സിപിഎം പ്രവര്‍ത്തകനാണ് വിവരാവകാശ നിയമ പ്രകാരം രാഹുല്‍ ഗാന്ധിയുടെ എംപി ഫണ്ട് വിനിയോഗം സംബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വയനാട് ജില്ലയ്ക്ക് കീഴില്‍ വരുന്ന മൂന്ന് നിയോജക മണ്ഡലത്തിലായി എംപി ഫണ്ടില്‍ നിന്നും രാഹുല്‍ ഗാന്ധി ചെലവിട്ട 4.93 കോടിയുടെ കണക്കുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇതിന് മറുപടിയായി നല്‍കി. ഈ കണക്ക് ഉയര്‍ത്തികാട്ടിയാണ് എംപി ഫണ്ട് വിനിയോഗിക്കാതെ രാഹുല്‍ ഗാന്ധി എന്ന തലക്കെട്ടില്‍ സിപിഎം പ്രചാരണം ആരംഭിച്ചത്.

എന്നാല്‍ വയനാട് ലോക്‌സഭാ മണ്ഡലം വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്നു ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ്. വയനാട് ജില്ലയിലെ 3 നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും മലപ്പുറം ജില്ലയിലെ 3 നിയമസഭാ മണ്ഡലവും ഉള്‍പ്പെടുന്നതാണ് വയനാട് ലോക്‌സഭ മണ്ഡലം. ഇതില്‍ വയനാട് മണ്ഡലത്തിലെ ഒരു ജില്ലയിലെ കണക്ക് മാത്രം വിവരാവകാശ രേഖപ്രകാരം എടുത്താണ് സിപിഎം അടിസ്ഥാനരഹിതമായ ക്യാമ്പെയ്ന്‍ ആരംഭിച്ചത്.

എംപിമാരുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഫണ്ട് വിനിയോഗത്തില്‍ കേരളത്തില്‍ രണ്ടാം സ്ഥാനത്തുള്ള എംപിയാണ് രാഹുല്‍ ഗാന്ധി. ഇതുവരെ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ ചെലവഴിച്ച തുക 17.21 കോടി രൂപയാണ്. ഇതില്‍ 17 കോടി എംപി ലാഡില്‍ നിന്നുള്ള തുകയും ശേഷിക്കുന്ന 21.25 ലക്ഷം പലിശയുമാണ്. മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി ഇതുവരെ 21.02 കോടി രൂപയുടെ പ്രപ്പോസലുകള്‍ രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്. ഇതില്‍ 17.23 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. 123.43-ശതമാനാണ് രാഹുല്‍ഗാന്ധിയുടെ ഫണ്ട് വിനിയോഗം. മോദി സര്‍ക്കാരും സംഘപരിവാറും ചേര്‍ന്ന നടത്തിയ ഗൂഢാലോചനയുടെ ഫലമായി 4 മാസവും 14 ദിവസവും അയോഗ്യനാക്കപ്പെട്ട് പുറത്ത് നില്‍ക്കേണ്ടി വന്നിട്ടു കൂടിയാണ് ഇത്രയും തുക അദ്ദേഹം ചെലവഴിച്ചത്. അതേസമയം സിപിഎമ്മിന്‍റെ ഏക എംപി ആരിഫ് ചെലവഴിച്ചതാകട്ടെ 91% ഫണ്ട് മാത്രമാണ്.

തന്‍റെ എംപി ഫണ്ടിന് പുറമെ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ അംഗങ്ങളായ മഹാരാഷ്ട്രയില്‍ നിന്നുള്ള കുമാര്‍ ഖേദ്ഖര്‍, ഗുജറാത്തില്‍ നിന്നുള്ള അമിയാഗ്നി, കേരളത്തില്‍ നിന്നുള്ള ജെബി മേത്തര്‍ എന്നിവരുടെ എംപി ലാഡ്‌‍സിന്‍റെ നല്ലൊരു ശതമാനവും രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതിനുപുറമേ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ കോടികളുടെ സിഎസ്ആര്‍ ഫണ്ടും വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എത്തി. വസ്തുത ഇതായിരിക്കേയാണ് സിപിഎം അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്.

Comments (0)
Add Comment