തൃപ്തി ദേശായിയും സി.പി.എമ്മും തമ്മില്‍ അടുത്ത ബന്ധം; വീണ ജോര്‍ജ് പുരസ്‌കാരം വാങ്ങുന്ന വേദിയിലും ആര്‍.എസ്.എസ് ആക്ടിവിസ്റ്റ്

Jaihind Webdesk
Monday, January 21, 2019

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി വിധി നേടിയെടുക്കാനുള്ള നിയമപോരാട്ടത്തിന് മുന്നില്‍ നിന്നയാളാണ് ആക്ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി.യുവതീ പ്രവേശനത്തിനുവേണ്ടി നിലകൊള്ളുന്ന തൃപ്തിയും സി.പി.എം നേതാക്കളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവരികയാണ്. കഴിഞ്ഞദിവസം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ടും തൃപ്തിദേശായിയും ഒരു സ്വകാര്യ ചടങ്ങില്‍ ഒരുമിച്ച് പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇരുവരുടെയും സൗഹൃദം അന്നുതന്നെ വാര്‍ത്തയാവുകയും ചെയ്തു.
ഇതിന് ശേഷമാണ് കഴിഞ്ഞദിവസം ആദര്‍ശ് യുവ വിധായക് സമ്മാന്‍ അവാര്‍ഡ് ലഭിച്ച വീണാ ജോര്‍ജ് എം.എല്‍.എ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങിലും തൃപ്തി ദേശായിയുടെ സാന്നിധ്യം ഉണ്ടായിരുന്നതിന്റെ ദൃശങ്ങള്‍ പുറത്തുവന്നത്.

ആര്‍.എസ്.എസ് സഹചാരിയെന്ന് സി.പി.എമ്മുകാര്‍ തന്നെ പറയുന്ന തൃപ്തി ദേശായി സി.പി.എമ്മിന്റെ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന വേദികളില്‍ സജീവ സാന്നിധ്യമാകുന്നതിനെ ചോദ്യങ്ങളോടെയാണ് പൊതുജനങ്ങള്‍ സ്വീകരിക്കുന്നത്. സ്വസ്ഥമായിരുന്ന ശബരിമലയില്‍ യുവതീ പ്രവേശനത്തിന്റെ പേരില്‍ കലുഷിതമാക്കുന്നതിനും രാഷ്ട്രീയം നേട്ടം കൊയ്യുന്നതിനുമായി സി.പി.എം നടത്തിയ നാടകങ്ങളിലെ പ്രധാന അംഗമായിരുന്നോ തൃപ്തി ദേശായി എന്നാണ് ചോദ്യം. ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ തൃപ്തി പോലീസിലെയും സര്‍ക്കാരിലെയും ഉന്നതുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് തിരികെ പോകേണ്ടി വന്നിരുന്നു.