സി.പി.എം, തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; തൃണമുല്‍ കോണ്‍ഗ്രസിന്റെ 50 കൗണ്‍സിലര്‍മാരും ബി.ജെ.പിയിലേക്ക്

Jaihind Webdesk
Tuesday, May 28, 2019

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിന് പിന്നാലെ ബംഗാളില്‍ തൃണമൂലിന് എം.എല്‍.എമാരുടെയും നേതാക്കളുടെയും കൊഴിഞ്ഞുപോക്ക്. ഒരു സി.പി.എം എല്‍.എ.എയും രണ്ട് തൃണമുല്‍ എം.എല്‍.എയും പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 50 കൗണ്‍സിലര്‍മാരും ബിജെപിയിലെത്തി.

ബിജെപി നേതാവ് മുകുള്‍ റോയിയുടെ മകന്‍ ശുഭ്രാംശുറോയ്, തുഷാര്‍ കാന്തി ഭട്ടാചാര്യ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ എം.എല്‍.എമാര്‍. ഇതില്‍ ശുഭ്രാംശുറോയ് പാര്‍ട്ടി നടപടി നേരിട്ടയാളാണ്. സി.പി.എമ്മില്‍ നിന്ന് ദേവേന്ദ്ര റോയ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഏഴ് ഘട്ടങ്ങളിലായി ഇനിയും കൂടുതല്‍ നേതാക്കളെ ബിജെപിയിലെത്തിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 40 എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് പ്രധാനമന്ത്രി തെരഞ്ഞടുപ്പ് റാലിയില്‍ അഭിപ്രായപ്പെട്ടിരുന്നു. 42 ലോക്സഭാ മണ്ഡലങ്ങളില്‍ 18 സീറ്റുകളിലാണ് ബിജെപിയുടെ വിജയം. 2014ലെ ലോക്സഭയില്‍ ബിജെപിക്ക് ബംഗാളില്‍ നിന്ന് രണ്ട് അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 34 സീറ്റുകളുണ്ടായിരുന്ന തൃണമൂല്‍ 22 ലേക്ക് ചുരുങ്ങിയിരുന്നു.