‘തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം’; വിമർശിച്ച ജില്ലാ കമ്മിറ്റി അംഗത്തോട് വിശദീകരണം തേടി സിപിഎം

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് വിശദീകരണം തേടി സിപിഎം. കരമന ഹരിയോട് സിപിഎം വിശദീകരണം തേടി. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെയും സ്വാധീനമുണ്ട് എന്നായിരുന്നു കരമന ഹരിയുടെ പരാമർശം. ഇത് വിശദീകരിക്കാനാണ് ഹരിയോട് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

മുതലാളി ആരെന്ന് പറയണമെന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ എം. സ്വരാജ് ആവശ്യപ്പെട്ടു. പേര് പറയാൻ കരമന ഹരി തയാറായില്ല. തുടർന്നാണ് ആരോപണത്തിൽ വിശദീകരണം തേടിയത്. കരമന ഹരിയുടെ പരാമർശം പരിശോധിക്കുമെന്നും എം. സ്വരാജ് വ്യക്തമാക്കി. കരമന ഹരി ഇന്നലത്തെ കമ്മിറ്റിയിൽ പങ്കെടുത്തില്ല.

മുഖ്യമന്ത്രിക്കും സ്പീക്കർക്കും മേയർക്കുമെതിരെ രൂക്ഷ വിമർശനമാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉയർന്നത്. മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മകൾ വീണക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി എന്തിന് മൗനം പാലിച്ചുവെന്നായിരുന്നു ജില്ലാ കമ്മിറ്റിയിലെ അംഗങ്ങൾ ഉയർത്തിയ ചോദ്യം. കോടിയേരി ബാലകൃഷ്ണനെ പോലെ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് പറയണമായിരുന്നുവെന്നും മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയങ്ങൾക്കിട നൽകിയെന്നും ജില്ലാ കമ്മിറ്റി അംഗങ്ങൾ വിമർശിച്ചു.

സ്പീക്കർ എ.എൻ. ഷംസീറിനെതിരെയും രൂക്ഷവിമർശനം ഉയർന്നു. സ്പീക്കർക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്നായിരുന്നു അംഗങ്ങളുയർത്തിയ വിമർശനം. മേയർ ആര്യാ രാജേന്ദ്രനെതിരെയും കനത്ത വിമർശനങ്ങൾ ഉയർന്നു.

Comments (0)
Add Comment