ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ സി.പി.എം കേരള ഘടകത്തിന് പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനം. വിശ്വാസി സമൂഹത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് വിമര്‍ശമാണ് പ്രധാനം. കേരളത്തിലെ പരാജയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോയില്‍ സമര്‍പ്പിച്ചതോടെയാണ് ചര്‍ച്ചയും വിമര്‍ശനം ഉണ്ടായത്. വോട്ടുകളുടെ ചോര്‍ച്ച മുന്‍കൂട്ടികാണാന്‍ കഴിഞ്ഞില്ലെന്നും പി.ബി. വിലയിരുത്തി.
മതന്യൂനപക്ഷങ്ങള്‍ അകന്ന് പോയത് തിരിച്ചടിയെന്ന് സംസ്ഥാന ഘടകം. കോണ്‍ഗ്രസുമായി നീക്കുപോക്ക് ആകാമെന്ന ദേശീയ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് അടവുനയം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും തിരിച്ചടിക്ക് ഒരു കാരണമായെന്നും സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഉന്നംവച്ചുള്ള ഈ നിലപാട് യോഗത്തില്‍ ഉയര്‍ന്നാല്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തും. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച നാളെ തുടരും. എന്നാല്‍ നിലപാട് വിശദീകരിച്ച ശേഷം മുഖ്യമന്ത്രി മടങ്ങി.