സി.പി.എം ശക്തികേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് വോട്ടുകൂടിയിട്ടും പത്തനംതിട്ടയിലെ തോല്‍വിയില്‍ പഴി ന്യൂനപക്ഷങ്ങള്‍ക്ക്

Jaihind Webdesk
Sunday, June 2, 2019

പത്തനംതിട്ടയില്‍ എല്‍.ഡി.എഫിന് ഉണ്ടായ കനത്ത പരാജയം മറച്ചുവെച്ച് സി.പി.എമ്മിന്റെ റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങളെ പഴിച്ച് വോട്ട് ശതമാനത്തിലുണ്ടായ കുറവ് സൂചിപ്പിക്കാതെ തയാറാക്കിയ റിപോര്‍ട്ട് സംസ്ഥാന സമിതിക്ക് കൈമാറി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍.ഡി.എഫിനുണ്ടായ വോട്ട് ശതമാനത്തിന്റെ കുറവ് മറച്ചുവച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പരാജയത്തിന് കാരണം തങ്ങളല്ലെന്ന് വരുത്തി വക്കാനുള്ള നേതാക്കളുടെ ശ്രമത്തിനിടെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലുണ്ടായ അടിയൊഴുക്കുകള്‍ കണ്ടില്ലെന്നും നടിക്കുന്നു.

പത്തനംതിട്ടയില്‍ ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് മത്സരമെന്നും എല്‍.ഡി.എഫിന് വോട്ട് ശതമാനം കുറയുമെന്നുള്ള മാധ്യമ പ്രചാരണം ദോഷം ചെയ്‌തെന്നും പറഞ്ഞ് മാധ്യമങ്ങളെ പഴിചാരി പാര്‍ട്ടി നേതൃത്വം കൈയൊഴിയുന്നു. ബി.ജെ.പി ജയിക്കുമെന്ന ഭീതിയില്‍ യു.ഡി.എഫിലേക്ക് ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചു എന്നുമാണ് കണ്ടെത്തല്‍.

എന്നാല്‍ സി.പി.എം ശക്തികേന്ദ്രങ്ങളില്‍ ബി.ജെ.പിക്കുണ്ടായ വോട്ട് ശതമാനത്തിലെ വര്‍ധന പരാമര്‍ശിക്കുന്നില്ല. ജില്ലയില്‍ യു.ഡി.എഫുമായി ചെറിയ വോട്ടിന്റെ വിത്യാസം മാത്രമാണുള്ളതെന്നും, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നുമാണ് ആന്റൊ ആന്റണിക്ക് ലീഡ് കൂടിയതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാന സമിതിയില്‍ ശബരിമല വിഷയം പരാജയ കാരണമെന്ന കണ്ടെത്തലുണ്ടെങ്കിലും. പത്തനംതിട്ടയില്‍ ഈ വിഷയം കാര്യമായ ചലനമുണ്ടാക്കിയില്ലെന്നുമാണ് കണ്ടെത്തല്‍. എന്നാല്‍ 5 വര്‍ഷം കൊണ്ട് സി.പി.എം ശക്തികേന്ദ്രങ്ങളില്‍ 29 ശതമാനം വോട്ട് ബി.ജെ.പി നേടിയെന്ന വസ്തുതകളും എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ബി.ജെ.പി ലീഡ് നേടിയെന്നുമുള്ള വസ്തുതകള്‍ മറച്ചുവച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.