മൂന്നാറില്‍ മൂന്നാമങ്കം: രേണുവിനെയും സി.പി.എം ‘ഒഴിപ്പിച്ചേക്കും’

മൂന്നാറില്‍ ഭൂമി കയ്യേറ്റവും അനധികൃത നിര്‍മ്മാണവും തടയാന്‍ തീരുമാനമെടുത്ത സബ്ബ് കളക്ടര്‍ ഡോ. രേണുരാജിനെയും തലസ്ഥാനത്ത് നിന്നും ഒഴിപ്പിക്കാന്‍ സി.പി.എമ്മില്‍ കൊണ്ടുപിടിച്ച ശ്രമം. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ചു വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് നിയമവിരുദ്ധമാണെന്ന നിലപാടില്‍ ഉറച്ചു നിന്ന ദേവികുളം സബ് കളക്ടര്‍ രേണുവിനെതിരെയാണ് സിപി.എമ്മില്‍ പടയൊരുങ്ങുന്നത്. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ നിര്‍മ്മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞതിനൊപ്പം സബ്ബ് കളക്ടറെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിട്ടുള്ളത്. സബ്ബ് കളക്ടറെ പിന്തുണച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും സി.പി.ഐയും രംഗത്തുവന്നതോടെ രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായെങ്കിലും സി.പി.എമ്മിന്റെ പകയടങ്ങിയിട്ടില്ല. നിലവില്‍ സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവും എം.എല്‍.എയെ തള്ളിയെങ്കിലും, ഇത് തല്‍ക്കാലത്തേക്ക് മാത്രമെന്ന വിലയിരുത്തലാണുള്ളത്. രേണുവിനെതിരായ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ രജേന്ദ്രന്റെ പേരില്‍ കേസെടുത്തതും എം.എല്‍.എയ്ക്ക് കുരുക്കായി. എസ്.രാജേന്ദ്രന്റെ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തു വന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷം രേണു രാജിനെയും ദേവികുളത്തു നിന്നും മാറ്റിയേക്കും.

തഴന്റെ നിലപാടില്‍ ഉറച്ചു നിന്നു മുന്നോട്ടു പോവുമെന്നു സബ്ബ് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിര്‍ണ്ണായക നടപടികള്‍ക്ക് മുമ്പ് സബ്കളക്ടര്‍ സ്ഥാനത്ത് നിന്നും ഇവരെയും മാറ്റാന്‍ തന്നെയാണ് സാധ്യതയേറുന്നത്. മുമ്പ് ശ്രീറാം വെങ്കിടരാമനെയും അതിനു ശേഷമെത്തിയ വി. ആര്‍ പ്രേംകുമാറിനെയും ഇതേ രീതിയില്‍ സി.പി.എം സ്ഥലം മാറ്റിയിരുന്നു. ദേവികുളം സബ്കളക്ടറായി ശ്രീറാം വെങ്കിടറാം ചുമതലയേറ്റയുടനെയാണ് കയ്യേറ്റം ഒഴിപ്പിക്കല്‍, അനധികൃത നിര്‍മ്മാണം തടയല്‍ എന്നീ നടപടികള്‍ക്ക് ഇറങ്ങിത്തിരിച്ചത്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ തടയാനുള്ള നടപടികള്‍ക്ക് ധൈര്യപൂര്‍വ്വം തുടക്കമിട്ട ശ്രീറാം സി.പി.എമ്മിന്റെ കണ്ണിലെ കരടാവുകയായിരുന്നു. രാഷ്ട്രീയ ശുപാര്‍ശകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച ശ്രീറാം ഒപ്പമുള്ള ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയും പരിരക്ഷയും നല്‍കി.

സി.പി.എം ശക്തികേന്ദ്രമായ ഇക്കാനഗറിലും പപ്പാത്തിച്ചോലയിലും നടത്തിയ ഒഴിപ്പിക്കല്‍ നടപടികള്‍ സി.പി.എമ്മിനെ ചൊടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ഏ മന്ത്രി എം.എം.മണി, എസ്‌രാജേന്ദ്രന്‍ എം.എല്‍.എ എന്നീ മൂവര്‍ സംഘം ശ്രീറാമിനെതിരെ തിരിഞ്ഞിട്ടും നടപടികളില്‍ നിന്നും വ്യതിചലിക്കാതെ അദ്ദേഹം മുന്നോട്ടു പോയി. നിരന്തര വിമര്‍ശനവും അധിക്ഷേപവും ചൊരിഞ്ഞ് എം.എം മണിയും എസ്. രാജേന്ദ്രനും ശ്രീറാമിനെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഒന്നും നടന്നില്ല. കയ്യേറ്റ ഭൂമിയിലെ കുരിശു തകര്‍ത്ത വിവാദത്തില്‍ മുഖ്യമന്ത്രി തന്നെ റവന്യു ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ മണ്ണുമാന്തിയും മറ്റു യന്ത്രങ്ങളും ഉപയോഗിച്ചു ഇടിച്ചുപൊളിക്കല്‍ആവശ്യമില്ലെന്നും തുടര്‍ന്ന് നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമെടുത്ത് ശ്രീറാമിനെ നിരായുധനാക്കാനുള്ള ശ്രമവും സി.പി.എം നടത്തി. ഇതിലൊന്നും തളരാതെ നടപടികളുമായി മുന്നോട്ടു പോയ ശ്രീറാമിനെ തെറിപ്പിക്കുക എന്നതായിരുന്നു സി.പി.എമ്മിന്റെ അന്തിമ തീരുമാനം. ഇതിനിടെ ലവ്ഡേല്‍ ഹോംസ്റ്റേ ഒഴിപ്പിക്കലിനു ഹൈക്കോടതി അനുമതി നല്‍കിയതോടെ ശ്രീറാം വീണ്ടും കളത്തിലിറങ്ങുമെന്ന് സി.പി.എമ്മിന് മനസിലായി. ഇതോടെ തൊട്ടടുത്തു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ശ്രീറാമിനെ സബ്ബ്കളക്ടര്‍ സ്ഥാനത്തു നിന്നും തെറിപ്പിച്ചു. അതുവരെ സബ്ബ്കളക്ടറുടെ നടപടിയെ പിന്തുണച്ച സി.പി.ഐയും ഇ.ചന്ദ്രശേഖരനും മൗനിബാബയായി. എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറുടെ ചുമതല നല്‍കി രശീറാമിനെ ഒതുക്കുമ്പോള്‍ നടപ്പായത് സി.പി.എമ്മിന്റെ ഹിഡണ്‍ അജന്‍ഡ.

ഇതിനു ശേഷമെത്തിയ പ്രേംകുമാറും ശ്രീറാമിന്റെ നിലപാടു പിന്തുടര്‍ന്നപ്പോള്‍ വീണ്ടും സി.പി.എം വെട്ടിലായി. വയനാട് സബ്ബ് കളക്ടറായിരുന്ന പ്രേംകുമാറിനെയാണ് ദേവികുളത്തേക്ക് മാറ്റി നിയമിച്ചത്. സി.പി.എം സഹയാത്രികനും ഇടുക്കി എം.പിയുമായ ജോയ്സ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതാണ് പ്രേംകുമാറിനെ സി.പി.എമ്മിന് അനഭിമതനാക്കിയത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അപ്രീതിയും മറ്റ് ഉന്നതരുടെ സമ്മര്‍ദ്ദവുമായിരുന്നു പ്രേംകുമാറിന്റെ ഒഴിപ്പിക്കലിന് വഴിതുറന്നത്.
ശബരിമല മണ്ഡല മഹോത്സവുമായി ബന്ധപ്പെട്ട് ശബരിമല,നിലക്കല്‍,പമ്പ തുടങ്ങിയ ഇടങ്ങളിലെ എല്ലാ സര്‍ക്കാര്‍വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായായിരുന്നു പ്രേംകുമാറിന്റെ നിയമനം.
പ്രളയത്തിന് ശേഷം മൂന്നാര്‍ മേഖലയിലെ പുതിയ നിര്‍മ്മിതികള്‍ക്കായി സമീപിക്കുന്നവര്‍ക്ക് കര്‍ശനപരിശോധനകള്‍ക്ക് ശേഷമായിരുന്നു പ്രേംകുമാര്‍ അനുമതി നല്‍കിയിരുന്നത്. ഇതും പലരുടെയും എതിര്‍പ്പിന് കാരണമായി. ഇതിനു പിന്നാലെയെത്തിയ ഡോ. രേണു രാജും കൈയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ സുദൃഡവും ശക്തവുമായ നിലപാടുകള്‍ എടുത്തതാണ് സി.പി.എമ്മിനെയും എസ്.രാജേന്ദ്രന്‍ എം.എല്‍.എയെയും ചൊടിപ്പിച്ചത്.

Comments (0)
Add Comment