ഇനി ഈനാംപേച്ചിയോ മരപ്പട്ടിയോ? ചിഹ്നം ചോദ്യചിഹ്നമായി സിപിഎം; ഇരട്ട പ്രഹരമായി ജനവിധി

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോല്‍വിക്ക് പിന്നാലെ പാർട്ടി ചിഹ്നവും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് കേരളത്തിലെ സിപിഎം. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്നു പാടിനടന്നവർക്ക് തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി നല്‍കിയ ജാള്യതയ്ക്ക് പിന്നാലെയാണ് പാർട്ടി ചിഹ്നവും ചോദ്യചിഹ്നമാകുന്നത്.

നൂറു കണക്കിന് ചെറുതും വലുതുമായ പാര്‍ട്ടികളുള്ള രാജ്യത്ത് വെറും ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാത്രമാണ് ദേശീയ പാര്‍ട്ടി പദവി ലഭിച്ചിട്ടുള്ളത്. കോണ്‍ഗ്രസ്, ബിജെപി, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, സിപിഎം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയ്ക്കാണ് ദേശീയ പാർട്ടി പദവിയുള്ളത്. ജനപ്രാതിനിധ്യ നിയമപ്രകാരം ദേശീയ പാര്‍ട്ടി പദവിക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 11 ലോക്‌സഭാ സീറ്റുകള്‍ വേണം, അതല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പദവിയുള്ള പാര്‍ട്ടിയാവണം. കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ ആറു ശതമാനം വോട്ടും 4 എംപിമാരും വേണം. ഇതൊന്നും ഇപ്പോള്‍ സിപിഎമ്മിനില്ല. ആകെയുള്ളത് കേരളത്തിലും ത്രിപുരയിലും. മൂന്നു പതിറ്റാണ്ടിലേറെ ഭരിച്ച പശ്ചിമബംഗാളില്‍ ഒരു എംഎഎല്‍എയോ എംപിയോ സിപിഎമ്മിനില്ല. എട്ട് ശതമാനം വോട്ട് ലഭിച്ചാല്‍ മാത്രമെ ദേശീയ പദവി ലഭിക്കു. എന്നാല്‍ കഴിഞ്ഞതവണ സിപിഎമ്മിന് ലഭിച്ചത് 6.3 ശതമാനം മാത്രം. 2026-ലാണ് ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ പാര്‍ട്ടി പദവി പരിശോധിക്കുക. ഈ സാങ്കേതികത്വത്തിന്‍റെ പിന്‍ബലത്തില്‍ മാത്രമാണ് നിലവില്‍ സിപിഎമ്മിന് പദവി നഷ്ടമാകാത്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ.കെ. ബാലന്‍ മുമ്പ് പറഞ്ഞത് പോലെ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നം നഷ്ടമായാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈനാംപേച്ചി, മരപ്പട്ടി ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരുമോയെന്ന ഗതികേടിലാണ് സിപിഎം ഇപ്പോള്‍. “ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക? സൈക്കിള്‍ വരെയുള്ള ചിഹ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുവദിച്ചു. ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും നമുക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുക” – എ.കെ. ബാലന്‍ പറഞ്ഞു. എന്തായാലും അരിവാള്‍ ചുറ്റിക നക്ഷത്രം സംരക്ഷിക്കാന്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് കേരളത്തിലെ സിപിഎം ഇപ്പോള്‍.

Comments (0)
Add Comment