‘ഒരിക്കലും പാര്‍ട്ടിക്കെതിരെ മത്സരിക്കില്ല’ ക്വാറി നടത്താന്‍ സി.പി.എം എഴുതിവാങ്ങിയ കരാര്‍ പുറത്ത്

Jaihind Webdesk
Monday, June 24, 2019

പാലക്കാട്: സര്‍ക്കാര്‍ അനുമതിയുള്ള സ്വന്തം ക്വാറി നടത്തണമെങ്കില്‍ സി.പി.എമ്മിന് അനുകൂലമായ കരാറും നല്‍കണമെന്ന അവസ്ഥയിലാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. രാഷ്ട്രീയ പ്രവര്‍ത്തകനായ ക്വാറി സംരംഭകനില്‍ നിന്ന് സിപിഎമ്മിന് എഴുതിക്കൊടുത്ത കരാറാണ് പുറത്തുവന്നിരിക്കുന്നത്. ‘തെക്കുംചെറോട് നാലാം വാര്‍ഡില്‍ ഞാനോ എന്റെ കുടുംബമോ ഒരിക്കലും പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് ഉണ്ടാവില്ല’ എന്നാണ് സി.പി.എം നിര്‍ബന്ധപൂര്‍വ്വം സംരഭകനില്‍ നിന്ന് എഴുതി വാങ്ങിയിരിക്കുന്നത്. ആന്തൂരില്‍ സി.പി.എം വിഭാഗീയതയുടെ ഭാഗമായ വ്യവസായിയുടെ കെട്ടിടത്തിന് അനുമതി നിഷേധിച്ച സംഭവത്തിന് പിന്നാലെയാണ് ഇത് പുറത്തുവന്നിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ അഞ്ചാംവാര്‍ഡ് അംഗവും മുസ്ലിം ലീഗ് ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ പിഎ ഷൗക്കത്തലി പ്രാദേശിക സി.പി.എം നേതാക്കള്‍ക്ക് ഒപ്പിട്ടു കൊടുത്ത കരാറിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 26നു ‘സിപിഎം ലോക്കല്‍ കമ്മിറ്റിക്ക് എഴുതിക്കൊടുത്ത കരാര്‍’ എന്ന പേരില്‍ 100 രൂപയുടെ മുദ്രപത്രത്തിലും ഇതിന്റെ തുടര്‍ച്ചയായി വെള്ളക്കടലാസിലും അക്കമിട്ടെഴുതിയ 6 വ്യവസ്ഥകളില്‍ മൂന്നാമത്തേതാണിത്. രണ്ടുസാക്ഷികള്‍ ഒപ്പുവച്ചതാണു കരാര്‍.

ലക്കിടി തെക്കുംചെറോഡ് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിന്റെ 3 ഉടമസ്ഥരില്‍ ഒരാളാണു ഷൗക്കത്തലി. ക്രഷര്‍ യൂണിറ്റിനും കരിങ്കല്‍ ഖനനത്തിനുമുള്ള തടസ്സങ്ങള്‍ മാറ്റാന്‍ ചെയ്യുന്ന സഹായങ്ങള്‍ എന്ന പേരിലുള്ള കരാറിലെ മറ്റ് വ്യവസ്ഥകളും പാര്‍ട്ടിക്ക് അനുകൂലമായും സഹായം ചെയ്യുമെന്നുള്ളതാണ്. ക്വാറിയില്‍നിന്ന് ദിവസവും 10 ലോഡ് കല്ല് മംഗലം സിഐടിയു യൂണിറ്റിന് നല്‍കും (ഇത് ചുമട്ടുതൊഴിലാളികള്‍ക്കു ലോഡ് കയറ്റാനുള്ള അവകാശമാണെന്നാണു വിവരം),
സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കു സഹായങ്ങള്‍ ചെയ്യും എന്നിവയും കരാറിലുള്ള വിചിത്ര നിയമങ്ങള്‍ ആണ്.