പോലീസ് ആസ്ഥാനം ഭരിക്കുന്നത് പോലീസ് ‘സഖാക്കള്‍’; സി.പി.എം അനുഭാവികളല്ലെന്ന കാരണത്താല്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റം അട്ടിമറിച്ചു

Jaihind Webdesk
Sunday, August 25, 2019

തിരുവനന്തപുരം: പോലീസ് വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് പോലീസ് ആസ്ഥാനത്തെ ‘സഖാക്കള്‍’ നല്‍കിയത് എട്ടിന്റെ പണി. ഐ.പി.എസ് റാങ്കിലുള്ള എസ്.പിയും ഐ.ജിയും അംഗീകരിച്ച ഉത്തരവാണ് ഇടത് എന്‍.ജി.ഒ യൂണിയന്‍ ഇടപെട്ടു തടഞ്ഞത്. ഡിജിപി വിചാരിച്ചിട്ടും ഉത്തരവ് ഇറങ്ങി ഒരാഴ്ചയായിട്ടും നടപ്പിലായില്ല. തങ്ങളുടെ സംഘടയില്‍പ്പെടാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതാണ് യൂണിയനെ ചൊടിപ്പിച്ചത്. പൊലീസിലെ മാനേജര്‍, സീനിയര്‍ സൂപ്രണ്ട്, അക്കൗണ്ടസ് ഓഫിസര്‍ തസ്തികകളിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റമാണു പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തി സഖാക്കള്‍ അട്ടിമറിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ഇവരുടെ സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ ആദ്യ 13 പേര്‍ക്കു നിയമനം നല്‍കി. ഇപ്പോള്‍ 11 ഒഴിവുകള്‍ ഉണ്ട്. സെലക്ട് ലിസ്റ്റില്‍നിന്ന് അര്‍ഹരായ 9 പേരെ സ്ഥാനക്കയറ്റം നല്‍കി നിയമിക്കാന്‍ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി രാഹുല്‍ നായര്‍ ശുപാര്‍ശ നല്‍കി. 30 വര്‍ഷത്തോളം സര്‍വീസുള്ളവരാണ് ഇപ്പോള്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹരായിരിക്കുന്നത്. ഇതില്‍ പലരും വിരമിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കി.

ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജിയുടെ ചുമതല വഹിക്കുന്ന ഡി.ഐ.ജി എച്ച്.നാഗരാജ് ഇത് അംഗീകരിച്ചു സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി തേടി. അതു ലഭിച്ച ശേഷം ഇവര്‍ക്കു സ്ഥാനക്കയറ്റത്തോടെ പുതിയ നിയമനം നല്‍കാന്‍ ഡിഐജി പൊലീസ് ആസ്ഥാനത്തെ എ ബ്രാഞ്ചില്‍ 17ന് ഇഫയല്‍ അയച്ചു. എന്നാല്‍ സ്ഥാനക്കയറ്റം ലഭിക്കുന്നവരില്‍ ആരും തങ്ങളുടെ സംഘടനയില്‍ അംഗത്വം എടുത്തവരല്ലെന്ന കാരണത്താല്‍ എന്‍ജിഒ യൂണിയന്‍ ഇടപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ എ ബ്രാഞ്ചിലെ സെക്ഷന്‍ ക്ലാര്‍ക്ക്, ജൂനിയര്‍സീനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവരുടെ നിയമന ഫയല്‍ ഉത്തരവായി പുറപ്പെടുവിച്ചില്ല.

അതിനുശേഷം യൂണിയന്‍ നേതാക്കള്‍ ഡിഐജിയെയും ഡിജിപിയെയും കണ്ട് ഇപ്പോള്‍ ഉത്തരവ് ഇറക്കരുതെന്ന് ആവശ്യപ്പെട്ടു. അതോടെ ഉന്നത ഉദ്യോഗസ്ഥരും പകച്ചു. സ്ഥാനക്കയറ്റം ലഭിക്കുന്നവരില്‍ 6 പേര്‍ക്കു പൊലീസ് ആസ്ഥാനത്ത് അടക്കം തലസ്ഥാനത്തു തന്നെ നിയമനം ലഭിക്കും. എന്നാല്‍ ഇതില്‍ ആരും സിപിഎം അനുഭാവികളല്ല.