രാജ്ഭവനില്‍ ധൂർത്തും പിന്‍വാതില്‍ നിയമനവുമെന്ന് സിപിഎം മുഖപത്രത്തില്‍ ‘വിമർശനം’

Jaihind Webdesk
Monday, September 19, 2022

 

തിരുവനന്തപുരം: സര്‍ക്കാർ-ഗവർണർ ‘പോരാട്ട നാടകം’ തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം. രാഷ്ട്രീയ യജമാനന്മാരുടെ കൈയടി വാങ്ങാനാണ് ഗവർണറുടെ നീക്കമെന്ന് ദേശാഭിമാനി ആരോപിച്ചു. താന്‍ ഒപ്പിട്ടാലേ ബില്‍ നിയമമാകൂ എന്ന ഗവർണറുടെ വാക്കുകളിൽ ഭീഷണിയുടെ സ്വരമാണെന്നും  പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. രാജ്ഭവനില്‍ പകുതിയും പിന്‍വാതില്‍ നിയമനമാണെന്നും ധൂര്‍ത്തിന്‍റെ അതിപ്രസരമാണെന്നും സമർത്ഥിക്കുന്ന മറ്റ് രണ്ട് റിപ്പോർട്ടുകളും ദേശാഭിമാനിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സിപിഎം മുഖപത്രം, രാജ്ഭവനെതിരെ ആരോപിച്ചിരിക്കുന്ന ധൂർത്തും പിന്‍വാതില്‍ നിയമനവുമെല്ലാം സ്വന്തം സർക്കാരിനെതിരെ എന്നും പ്രതിരോധത്തിലാക്കിയിരിക്കുന്ന കാര്യങ്ങളാണെന്നതാണ് ഏറെ ശ്രദ്ധേയം.

മുഖ്യമന്ത്രിക്കെതിരെ ഗവർണർ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെയാണ് പാർട്ടി പത്രത്തിലെ ലേഖനങ്ങള്‍. ഗവർണർ ഉത്തരവാദിത്വം മറക്കരുതെന്നും യഥാർത്ഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ലേഖനം പറയുന്നു. ഗവർണർ ഭരണഘടനാത്തലവനാണ്, ഭരണാധികാരിയല്ല. ഭരണ നിർവഹണം നടത്താനുള്ള ഒരധികാരവും ഗവർണർക്കില്ല. സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനുള്ള ഭരണഘടനാ ബാധ്യതയുണ്ടെന്നും ലേഖനം പറഞ്ഞുവെക്കുന്നു. രാജ്ഭവനില്‍ പകുതിയും പിന്‍വാതില്‍ നിയമനങ്ങളാണെന്നും ധൂർത്തിന്‍റെ ഉദാഹരണമാണ് രാജ്ഭവനെന്നും മറ്റ് രണ്ട് റിപ്പോര്‍ട്ടുകളില്‍ സിപിഎം പാർട്ടി പത്രം കുറ്റപ്പെടുത്തുന്നു.

കണ്ണൂർ ചരിത്രകോണ്‍ഗ്രസിനിടെ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും ഗവര്‍ണർ ആരോപിച്ചിരുന്നു. ഇന്നു വിളിച്ചുചേര്‍ത്തിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇന്ന് 11.45 ന് രാജ്ഭവനിലാണ് ഗവർണറുടെ വാര്‍ത്താസമ്മേളനം. കടുത്ത എതിർപ്പുകള്‍ക്കിടെയും പാസാക്കിയ വിവാദ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ഗവർണറുടെ പരിഗണനയിലാണ്. ഇതേച്ചൊല്ലിയാണ് സര്‍ക്കാരും ഗവർണറും തമ്മില്‍ പരസ്യ വാക്പോരിലേക്ക് കടന്നത്. കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനത്തിലും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യയുടെ അനധികൃത നിയമനത്തിലും ഗവർണർ അതൃപ്തി പരസ്യമാക്കിയിരുന്നു.

അതേസമയം സര്‍ക്കാര്‍-ഗവർണർ പോര് നാടകമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂർ വിസിയുടെ പുനർനിയമനത്തിന് കൂട്ടുനിന്ന ഗവർണറുടെ നടപടി പ്രതിപക്ഷം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഗവർണർ ശരിയായ നിലപാട് സ്വീകരിച്ചാല്‍ പിന്തുണയ്ക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. സര്‍ക്കാരിന്‍റെ വഴിവിട്ട നീക്കങ്ങള്‍ക്ക് മുമ്പ് കൂട്ടുനിന്നിരുന്ന ഗവർണറുടെ ഇപ്പോഴത്തെ നിലപാട് വിശ്വസീനയമല്ലെന്ന് രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നു.