മലപ്പുറം എടപ്പാളില്‍ നാടോടി ബാലികയ്ക്ക് നേരെ ക്രൂരമര്‍ദനം. പഴയ സാധനങ്ങള്‍ പെറുക്കുന്നതിനിടെ കെട്ടിടയുടമയാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. നെറ്റിയില്‍ മുറിവേറ്റ 10 വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ പ്രതി സി രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാലങ്ങളായി എടപ്പാളില്‍ താമസിക്കുന്നവരാണ് തമിഴ്നാട് സ്വദേശികളായ പെണ്‍കുട്ടിയും കുടുംബവും. ഇന്ന് രാവിലെ അടുത്തുള്ള കെട്ടിടത്തില്‍ പഴയസാധനങ്ങള്‍ പെറുക്കാന്‍ പോയപ്പോഴാണ് മര്‍ദ്ദനം ഉണ്ടായത്. കുപ്പിയും പാട്ടയും നിറച്ച ചാക്ക് കൊണ്ടാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കൂടെയുള്ളവര്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. എടപ്പാളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അക്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.