ഇടുക്കി: അടിമാലിയില്‍ സിപിഎം നേതാവിന്‍റെ ഗുണ്ടാവിളയാട്ടം. ശല്യാംപാറയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൊഴിലാളിയെ വാക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചു. ഇടതു കൈക്ക് ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം സിപിഎം നേതാവായതിനാൽ കേസെടുക്കാൻ പോലീസ് തയാറായിട്ടില്ല. പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ശനിയാഴ്ച രാവിലെയാണ് ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറയിലെ ടിംബർ തൊഴിലാളി കാലാപറമ്പിൽ മൊയ്തീൻകുഞ്ഞിനുനേരെ ആക്രമണമുണ്ടായത്. കുട്ടികൾക്കൊപ്പം വീട്ടുമുറ്റത്തുനിൽക്കുകയായിരുന്ന മൊയ്തീൻകുഞ്ഞിനെ പ്രകോപനമില്ലാതെ സ്ഥലത്തെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.പി. ഹനീഫ വെട്ടുകത്തിക്ക് കഴുത്തിന് വെട്ടാൻ ശ്രമിക്കുകയായിരുന്നു. തടയാനായി കൈയുയർത്തിയ മൊയ്തീൻകുഞ്ഞിന്‍റെ ഇടതുകൈക്ക് ഗുരുതര പരുക്കേറ്റു. തുടർന്നും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാരും പ്രദേശവാസികളും ഓടിക്കൂടിയതുകൊണ്ടാണ് ഇയാളെ രക്ഷപ്പെടുത്താനായത്. രാഷ്ട്രീയ സ്വാധീനം ഉള്ള പ്രതി സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരനാണെന്നും പാർട്ടി ഗുണ്ടയായ ഇയാളെ പേടിച്ചാണ്എല്ലാവരും കഴിയുന്നതെന്നും വെട്ടേറ്റ മൊയ്തീന്‍കുഞ്ഞ് പറഞ്ഞു.
പിന്നീട് മൊയ്തീന്‍കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും കൈയിലെ ഞരമ്പുകളും അസ്ഥിയും ഉൾപ്പെടെ മുറിഞ്ഞുപോയതിനാൽ അടിയന്തര ശസ്ത്രക്രിയക്കു വേണ്ടി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് തീർപ്പാക്കാൻ സിപിഎം നേതാക്കൾ ശ്രമം നടത്തുന്നതായി കുടുംബം ആരോപിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും പ്രദേശവാസികൾ പറഞ്ഞു.