ന്യൂഡല്‍ഹി: പാര്‍ട്ടി ചാനല്‍ വിറ്റതില്‍ അഴിമതിയെന്ന് ആരോപണം. 127.71 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടെന്ന ആരോപണത്തിന്റെ പേരില്‍ ആന്ധ്രാ സിപിഎമ്മിന്റെ പ്രജാശക്തി പ്രിന്റേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സിനെതിരെ പാര്‍ട്ടി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങി. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 10 ടിവി എന്ന തെലുങ്ക് ടിവി ചാനല്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിനു വിറ്റതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്നു പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
പ്രജാശക്തി ഉള്‍പ്പെടെ രാജ്യത്തെ 18 കമ്പനികള്‍ക്കെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടത്തുന്നുണ്ടെന്നു കേന്ദ്ര നിയമ കോര്‍പറേറ്റ്കാര്യ സഹമന്ത്രി പി.പി. ചൗധരി കഴിഞ്ഞ 4നു ലോക്സഭയെ അറിയിച്ചിരുന്നു.
പ്രജാശക്തിയുടെ അക്കൗണ്ടിലുള്ള 127.71 കോടി നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ലഭിച്ചതാണെന്ന ആരോപണമാണ് അന്വേഷണത്തിന് അടിസ്ഥാനം. 2016 ലെ നോട്ട് നിരോധനത്തിനു പിന്നാലെയാണ് അക്കൗണ്ടിലേക്കു വലിയ തോതില്‍ പണം വന്നതെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പൊളിറ്റ്ബ്യൂറോ അംഗം ബി.വി. രാഘവുലു ഉള്‍പ്പെടെ ഏതാനും നേതാക്കള്‍ക്കെതിരെ ടിവി ചാനലിന്റെ വില്‍പനയുമായി ബന്ധപ്പെട്ടു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു കഴിഞ്ഞ മാര്‍ച്ചില്‍തന്നെ പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിനു കേന്ദ്ര നേതൃത്വം തയാറായില്ലെന്നാരോപിച്ചു പാര്‍ട്ടിയില്‍നിന്നുതന്നെ വീണ്ടും പരാതിയുണ്ടായി.
ഇതും കേന്ദ്രസര്‍ക്കാരിന്റെ നടപടിയും കണക്കിലെടുത്താണ് അന്വേഷണം വേണമെന്നു പൊളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. പാര്‍ട്ടി അതിന്റേതായ നടപടിക്രമങ്ങളിലൂടെയാണ് അന്വേഷണം നടത്തുന്നതെന്നു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.