ഇരട്ടക്കൊലപാതകം: കൊലയാളികള്‍ക്ക് സി.പി.എം ഉന്നതരുടെ സംരക്ഷണം; കേസ് കുഴിച്ചുമൂടാന്‍ ശ്രമം ഊര്‍ജ്ജിതം

Jaihind Webdesk
Tuesday, February 26, 2019

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിന് സംരക്ഷണം ഒരുക്കിയത് പാര്‍ട്ടിയിലെ ഉന്നതരാണെന്നതിനുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. സി.പി.എം ഉദുമ ഏരിയാ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.മണികണ്ഠന്റെ നേതൃത്വത്തിലാണ് കൊലയാളി സംഘത്തിന് സംരക്ഷണം നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ചിന് വ്യക്തമായിരിക്കുന്നത്.

ഇരട്ടക്കൊലപാതക കേസില്‍ പെരിയയിലെ ചുമട്ടുതൊഴിലാളിയും സി.ഐ.ടി.യുവിന്റെ സജീവ പ്രവര്‍ത്തകനുമായ യുവാവിനും ബന്ധമുണ്ടെന്ന കൃത്യമായ സൂചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹാജരാക്കിയവരില്‍ പലരും കൊലപാതകത്തില്‍ നേരിട്ടു പങ്കാളിത്തമില്ലാത്തവരാണെന്ന സംശയം ഇതോടെ കൂടുതല്‍ ബലപ്പെടുകയാണ്. പീതാംബരനും സജി ജോര്‍ജുമടക്കം ശരത്‌ലാലിനേയും കൃപേഷിനേയും ആക്രമിക്കാന്‍ ചെന്നിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ മറ്റൊരു വാഹനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘവും ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇവര്‍ക്കൊപ്പം പെരിയയിലെ ചുമട്ടുതൊഴിലാളിയായ യുവാവുമുണ്ടായിരുന്നു. സംഭവം നടന്നതില്‍ പിന്നെ ഈ യുവാവ് അജ്ഞാതകേന്ദ്രത്തിലാണ്.

കൊലയാളികളെ സംബന്ധിച്ചും ഗൂഢാലോചന സംബന്ധിച്ചും നിര്‍ണായക വിവരങ്ങള്‍ അറിയാവുന്ന പെരിയയിലെ ചുമട്ടുതൊഴിലാളിയായ യുവാവിനെ സി പി എം നേതാക്കള്‍ തന്നെയാണ് അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടുള്ളത്.

പീതാംബരനും സജി ജോര്‍ജുമുള്‍പ്പെടെ ഏഴു പേരെയും പോലീസ് മുമ്പാകെ ഹാജരാക്കാനും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യാനും ഏരിയാ സെക്രട്ടറി കെ വി മണികണ്ഠന്‍ മുന്നിട്ടിറങ്ങിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന ചോദ്യവും ഉയരുകയാണ്. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ഏരിയാ തലത്തിലുള്ള സി പി എം നേതാക്കളില്‍ കേസ് ഒതുക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഒരു ബ്രാഞ്ച് സെക്രട്ടറിക്കും കൃത്യമായി സംഭവത്തില്‍ പങ്കുണ്ടെന്ന സൂചനയും അന്വേഷണസംഘത്തിനുണ്ട്.

പാര്‍ട്ടി നേതൃത്വം രക്ഷപ്പെടുത്തുമെന്ന കൃത്യമായ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പീതാംബരനടക്കം ഏഴു പേരും പോലീസ് മുമ്പാകെ കീഴടങ്ങിയത്. ഇന്നലെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നൊക്കെ പീതാംബരന്‍ മൊഴി കൊടുത്തത് പാര്‍ട്ടി ഏര്‍പ്പെടുത്തിയ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ്. പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുക്കുമ്പോള്‍ പീതാംബരന്‍ കോടതിയില്‍ യാതൊന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കൃത്യമായ തിരക്കഥയ്ക്കനുസരിച്ചു തന്നെയാണ് പീതാംബരന്റെ നീക്കങ്ങള്‍. കേസ് തള്ളിപ്പോകാനുള്ള പഴുതുകളെല്ലാം ഒരുക്കിയാണ് പോലീസിന്റെ നീക്കങ്ങളുമെന്നിരിക്കേ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടേയും യുഡിഎഫിന്റേയും ആവശ്യത്തിന് പ്രസക്തി വര്‍ധിക്കുകയാണ്.

ഇന്നലെ കോടതി മുമ്പാകെ വീണ്ടും ഹാജരാക്കിയ പീതാംബരനേയും സജി ജോര്‍ജിനേയും 11 വരെ റിമാന്‍ഡ് ചെയ്തു. പുതുതായി കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഹരജി നല്‍കും.