തള്ളണോ? കൊള്ളണോ? സി.പി.എമ്മിന് തലവേദനയായി ദീപ നിശാന്ത്; ഡി.വൈ.എഫ്.ഐക്കും എസ്.എഫ്.ഐക്കും മൗനം

Jaihind Webdesk
Monday, December 10, 2018

Deepa-Nisanth

തൃശൂര്‍: കവിത മോഷണ വിവാദത്തിലായ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ  തള്ളാനും കൊള്ളാനും കഴിയാതെ സി.പി.എം. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനും പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയും എഴുത്തുകാരനുമായ അശോകന്‍ ചരുവിലും ദീപയെ ന്യായീകരിച്ച് പരസ്യമായി രംഗത്ത് വന്നപ്പോള്‍, സി.പി.എം ജില്ല കമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യയും കേരളവര്‍മ കോളജിലെ അധ്യാപികയുമായ ആര്‍. ബിന്ദുവടക്കമുള്ളവര്‍ ദീപ നിശാന്തിനെതിരെ രംഗത്ത് വന്നു.

സമൂഹമാധ്യമങ്ങളില്‍ കടുത്ത പോര്‍വിളി നടക്കുന്നുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കളും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളും മൗനം തുടരുകയാണ്. കവിത മോഷണ വിവാദത്തില്‍ ദീപ നിശാന്ത് തെറ്റ് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തതോടെ കവി കലേഷ് വിവാദത്തില്‍ നിന്നും ഒഴിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അനാവശ്യ വിവാദം വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍. കേരളവര്‍മ കോളജിലെ ബീഫ് ഫെസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐയെ പിന്തുണച്ച ദീപ നിശാന്ത് അതിവേഗത്തിലാണ് ഇടത് സാംസ്‌കാരിക നായകനിരയിലേക്ക് വളര്‍ന്നത്.

മുതിര്‍ന്ന സി.പി.എം നേതാക്കളുമായും ദീപക്ക് അതിവേഗത്തില്‍ ബന്ധങ്ങളുണ്ടാവുകയും ചെയ്തു. ദീപയുടെ വരവിലൂടെ, ബിന്ദുവടക്കമുള്ളവര്‍ പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. തങ്ങളെ പിന്നിലാക്കി അതിവേഗത്തില്‍ ഇടത് സാംസ്‌കാരിക നാവായി ഉയര്‍ന്ന ദീപ നിശാന്തിനെ അടിക്കാന്‍ കിട്ടിയ അവസരമായി സി.പി.എമ്മിലെ ഒരു വിഭാഗം വിഷയം ഏറ്റെടുത്തിരിക്കുകയാണ്.

സ്‌കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായി പങ്കെടുപ്പിച്ചതിലെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ സി.പി.എം നിയന്ത്രണത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ ദീപ ഉദ്ഘാടകയായത് പാര്‍ട്ടി ദീപയോടൊപ്പമാണെന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു. തൃശൂരില്‍ നടന്ന ജനാഭിമാന സംഗമത്തില്‍ ദീപ നിശാന്തിനെയും ശ്രീചിത്രനെയും പങ്കെടുപ്പിക്കരുതെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തെ അശോകന്‍ ചരുവിലിന്റെ നേതൃത്വത്തില്‍ അവഗണിച്ചിരുന്നു.

കവിത മോഷണ വിവാദം കത്തി നില്‍ക്കെ തൃശൂരിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു. ഇത് തള്ളിയായിരുന്നു ജില്ല കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ നേതാവുമായ ആര്‍. ബിന്ദുവിന്റെ സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. സി.പി.എം നിയന്ത്രണത്തിലുള്ള കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ ജേര്‍ണലിലാണ് കലേഷിന്റെ കവിത, ദീപയുടെ പടവും പേരുമടക്കം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചത്. ആക്ഷേപമുയര്‍ന്നതോടെ ദീപയില്‍ നിന്നും വിശദീകരണം തേടാന്‍ സംഘടന തീരുമാനിച്ചിരുന്നു.

ഇതിന് പിന്നാലെ ദീപക്കെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.സി.ടി.എ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. ഇതില്‍ പ്രിന്‍സിപ്പലിനോട് അഭിപ്രായം തേടിയിരിക്കുകയാണ്.