കോടിയേരിയുടെ മാതാ അമൃതാനന്ദമയി വിമര്‍ശനം പിണറായിക്ക് വിനയാവുന്നു; മകളുടെ പഠനം ഉള്‍പ്പെടെ പലതും ചര്‍ച്ചാ വിഷയങ്ങള്‍

Jaihind Webdesk
Tuesday, January 22, 2019

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങള്‍ വീണ്ടും മുഖ്യമന്ത്രിക്ക് തലവേദനയാവുന്നു. വിവാദത്തിലൂടെ അമൃതാനന്ദമയിയുടെ അനുയായികള്‍ പൂര്‍ണമായും സര്‍ക്കാറിന് എതിരായെന്ന് മാത്രമല്ല, മഠത്തിന്റെ സംവിധാനങ്ങള്‍ പിണറായി എന്തിന് ഉപയോഗിച്ചു എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളും ഉയരുന്നു. അമൃതാനന്ദമയിയെ വിമര്‍ശിച്ച സി.പി.എം നേതാക്കള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്ന വിമര്‍ശനം സൈബര്‍ ഇടങ്ങളിലാണ് ശക്തമായത്.

2000ല്‍ പിണറായിയുടെ മകള്‍ക്ക് കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ സീറ്റ് ലഭിച്ചത് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞിട്ടാണെന്ന് സിപിഎം സഹയാത്രികനായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ മുമ്പ് നടത്തിയ വെളിപ്പെടുത്തലാണ് ഒരു വിഭാഗം വീണ്ടും ചര്‍ച്ചയാക്കിയത്. ഇതിന് ഇടനിലക്കാരന്‍ താനായിരുന്നെന്നും മകളുടെ ലോക്കല്‍ ഗാര്‍ഡിയന്‍ തമിഴ്‌നാട്ടിലെ വ്യവസായി വരദരാജനായിരുന്നെന്നും ബെര്‍ലിന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

”കൂത്തുപറമ്പിലെ അഞ്ചു രക്തസാക്ഷികളുടെ ചോരയുടെ മണം അന്തരീക്ഷത്തില്‍നിന്ന് മായുന്നതിനു മുമ്പാണ് ഇത്. ഇതെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അതൊന്നും നിങ്ങള്‍ നോക്കേണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി.  അന്ന് പാര്‍ട്ടിയുടെ നയം സ്വാശ്രയ കോളജുകളില്‍ നേതാക്കളുടെ മക്കളെ അയക്കരുതെന്നായിരുന്നു. അതിനെ ലംഘിച്ചാണ് പിണറായി മകള്‍ക്ക് സീറ്റ് നേടിയത്. കുട്ടിയെ ചേര്‍ക്കാന്‍ കൂടെ പോയത് ഞാനാണ്. പിണറായിയും ഭാര്യയും ഉണ്ടായിരുന്നു. 2000 ജൂലൈ 19ന് വൈകിട്ടത്തെ വണ്ടിക്ക് ഷൊര്‍ണൂരില്‍ പോയിട്ട് അവിടെനിന്ന് പാലക്കാട്ടെ ഒരു മുതലാളിയുടെ കാറിലാണ് പാലക്കാട്ടേക്ക് പോയത്. രണ്ട് വിദേശനിര്‍മിത എ സി കാറുകള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. പാലക്കാട്ട് മുതലാളിയുടെ ഗസ്റ്റ്ഹൗസിലാണ് താമസിച്ചത്.

പിറ്റേന്ന് രാവിലെ മുതലാളിയുടെ കാറില്‍ കോയമ്പത്തൂരിനടുത്ത എട്ടിമടൈയിലെ കോളജിലെത്തി. അന്ന് മുതലാളിയുടെ വീട്ടില്‍ ഞങ്ങള്‍ക്ക് വലിയ വിരുന്നുണ്ടായിരുന്നു. വൈദ്യുതി ഉപയോഗിച്ച് ഇരുമ്പുണ്ടാക്കുന്ന കമ്പനിയുടെ ഉടമയാണ് മുതലാളി. അതിന് പിണറായി വൈദ്യുതി കൊടുത്തിരുന്നു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്.”-ഇങ്ങനെ പോകുന്നു ബെര്‍ലിന്റെ പഴയ വിമര്‍ശനം.  അമൃതാനന്ദമയിയോടുള്ള എതിര്‍പ്പ് ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ ഇടനിലക്കാരെ അയച്ച് സീറ്റ് കരസ്ഥമാക്കി മകളുടെ പഠനം അവരുടെ സ്ഥാപനത്തില്‍ സുരക്ഷിതമാക്കാമായിരുന്നോ എന്നാണ് സൈബര്‍ ഇടങ്ങളിലുയരുന്ന ചോദ്യം.

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന അയ്യപ്പഭക്ത സംഗമത്തിന് മുമ്പ് ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ ആരുടെ ദൂതുമായാണ് അമൃതാനന്ദമയിയെ സന്ദര്‍ശിച്ചതെന്ന ചോദ്യവും വിമര്‍ശകര്‍ ഉയര്‍ത്തുന്നുണ്ട്.
സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം ഒഴിവാക്കാനാണ് ഈ സന്ദര്‍ശനം എന്ന് വാര്‍ത്തയുണ്ടായിരുന്നു. സംഗമം ഉദ്ഘാടനം ചെയ്യുമെന്ന് അമൃതാനന്ദമയി മഠം അറിയിച്ചതിനുശേഷമാണ് കോടിയേരിയുടെ വിമര്‍ശനം ഉണ്ടായത്. കാലങ്ങളായി പ്രായഭേദമന്യേ സ്ത്രീകളെയും പുരുഷന്മാരെയും കാണുന്ന അവരുടെ ബ്രഹ്മചാര്യത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചോ എന്നായിരുന്നു കോടിയേരിയുടെ ആക്ഷേപം.
അമൃതാനന്ദമയി മഠം രാഷ്ട്രീയത്തിന് ഉപരിയായാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കോടിയേരി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന്മേലാണ് സൈബര്‍ ഇടങ്ങള്‍ സി.പി.എം നേതാക്കളുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുന്നത്.