മലപ്പുറത്ത് സി.പി.എം കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി

Jaihind Webdesk
Saturday, May 4, 2019

മലപ്പുറം: സി.പി.എമ്മിന്റെ നഗരസഭാ കൗണ്‍സിലര്‍ 16വയസ്സുകാരിയെ പലതവണ പീഡിപ്പിച്ചതായി പരാതി. സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീനെതിരായ പരാതി. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. വളാഞ്ചേരി നഗരസഭ കൗണ്‍സിലറായ ഷംസുദ്ദീന്‍, പത്താം ക്ലാസ് മുതല്‍ പെണ്‍കുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച് പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇടപെട്ട് കളക്ടര്‍ക്കും എസ്.പിക്കും മുന്‍പില്‍ വിഷയം എത്തിച്ചതോടെ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സിപിഎം സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ഷംസുദ്ദീന്‍ ഡിവിഷനില്‍ മത്സരിച്ച് വിജയിച്ചത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായും ആരോപണം ഉണ്ട്. കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യവുമായി മുസ്ലിംലീഗ് രംഗത്തെത്തി. നഗരസഭാ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് ഷംസുദ്ധീന്‍ രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന.