an
കൊല്ലം അഞ്ചാലുംമൂടില്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ബാനറുകളും സ്ഥിരമായി നശിപ്പിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കുന്നതിനിടെ പൊലീസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ കടന്നുകളഞ്ഞു. സി.പി.എം മുരുന്തല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ബിനു ബോസിനെ (30)യാണ് പിടികൂടിയത്.
ബിനുബോസിനെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം സ്റ്റേഷനിലെ പൊലീസുകാരന്റെ മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പ്രതിയെ തിരിച്ചറിഞ്ഞു രാത്രിയോടെ തന്നെ പിടികൂടി. സിപിഎം തൃക്കടവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം മുരുന്തല്‍ സ്വദേശി കിരണിനെ(40)യാണ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടാം പ്രതി മുരുന്തല്‍ സ്വദേശി രഞ്ജിത്ത്(28) ഒളിവിലാണ്.
പോലീസ് സ്റ്റേഷനിലെത്തിയ കിരണും പൊലീസുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നു പുറത്തേക്കു പോകുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന സ്മാര്‍ട്‌ഫോണ്‍ കൈക്കലാക്കി സ്റ്റേഷനു പുറത്തുണ്ടായിരുന്ന രഞ്ജിത്തിനെ ഏല്‍പിച്ചു.
പൊലീസ് പറയുന്നത്: സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടു സിപിഎം പ്രവര്‍ത്തകനായ ബിനു ബോസിനെ(30) അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ കിരണും പൊലീസുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നു പുറത്തേക്കു പോകുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന സ്മാര്‍ട്‌ഫോണ്‍ കൈക്കലാക്കി സ്റ്റേഷനു പുറത്തുണ്ടായിരുന്ന രഞ്ജിത്തിനെ ഏല്‍പിച്ചു.
ഫോണ്‍ കാണാതായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കിരണ്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നു മനസ്സിലായി. രാത്രി തന്നെ കിരണിനെ അറസ്റ്റ് ചെയ്യുകയും രഞ്ജിത്തിന്റെ വീട്ടില്‍ നിന്നു ഫോണ്‍ കണ്ടെത്തുകയും ചെയ്തു. പോസ്റ്റര്‍ നശിപ്പിച്ച കേസില്‍ ബിനു ബോസിനെയും മോഷണക്കേസില്‍ കിരണിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാര്‍ട്ടി നേതൃത്വങ്ങളെ തമ്മിലടിപ്പിക്കാന്‍ മേഖല തിരിച്ച് യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നശിപ്പിക്കുകയായിരുന്നു ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമെന്നു പൊലീസ് പറഞ്ഞു. തൃക്കടവൂര്‍ മുരുന്തല്‍ മേഖലയില്‍ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നതു പതിവായതോടെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു.