കോഴിക്കോട് സി.പി.എം ബി.ജെ.പി കൂട്ടുകെട്ട്; റിയാസിന്റെ അനുയായികള്‍ വോട്ട് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

Jaihind Webdesk
Friday, April 26, 2019

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ സി.പി.എം – ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്ന് വെളിപ്പെടുത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രംഗത്ത്. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്ക് വോട്ട് ചെയ്തതായാണ് കോഴിക്കോടെ ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ വെളിപ്പെടുത്തല്‍. കോഴിക്കോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിനോടുള്ള വിരോധനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തു എന്നാണ് പ്രകാശ് ബാബുവിന്റെ അവകാശവാദം.

റിയാസിനോട് അനുഭാവമുള്ള ചില നേതാക്കള്‍ തന്നെ വന്ന് കണ്ട് സഹായം വാഗ്ദാനം ചെയ്തതായും പ്രകാശ് ബാബു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പിന്നീട് അവരെ പോയി കണ്ടതായും അവര്‍ തനിക്ക് വോട്ട് ചെയ്തു എന്നുമാണ് പ്രകാശ് ബാബു പറയുന്നത്. കുന്നമംഗലം, കരുവശേരി, നെല്ലിക്കോട്, ചെലവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും തനിക്ക് വോട്ട് ലഭിച്ചതായാണ് പ്രകാശ് ബാബു പറയുന്നത്.