തൃശൂരിലെ സിപിഎം കേന്ദ്രങ്ങളില്‍ ബിജെപി മുന്നേറ്റം; സിപിഎം സഹായത്തോടെ അക്കൗണ്ട് തുറന്ന് ബിജെപി

 

തിരുവനന്തപുരം: സിപിഎം വോട്ട് മറിച്ചത് ഗുണമായതോടെ സംസ്ഥാനത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സിപിഎം കേന്ദ്രങ്ങളില്‍ ബിജെപിക്ക് മികച്ച ലീഡ് നേടാനായതാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകാന്‍ കാരണമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

തൃശൂര്‍ ആരെടുക്കുമെന്ന് ഉറ്റുനോക്കുകയായിരുന്നു രാഷ്ട്രീയകേരളം. ഒടുവില്‍ സിപിഎം പിന്തുണയോടെ ബിജെപി തൃശൂരില്‍ അക്കൗണ്ട് തുറന്നു. ശക്തമായ ത്രികോണ മല്‍സരം നടന്ന മണ്ഡലത്തില്‍ സിപിഐ ഭയന്നതുതന്നെ നടന്നുവെന്നുവേണം വിലയിരുത്താന്‍. സിപിഎം പ്രചാരണത്തില്‍ നിന്നും വിട്ടുനിന്നപ്പോള്‍ തന്നെ സിപിഐ സ്ഥാനാര്‍ത്ഥി സുനില്‍കുമാര്‍ സിപിഎം നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിഞ്ഞാലക്കുട എന്നീ 7 നിയമസഭാ മണ്ഡലങ്ങളിലും സിപിഎം വോട്ട് ബിജെപിക്ക് മറിച്ചുവെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നെല്ലാം മികച്ച ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പക്ഷെ ലോക്‌സഭയിലേക്ക് വോട്ട് കുറയുകയും ബിജെപിക്ക് വോട്ട് കൂടുകയും ചെയ്തു.

കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎം നേതാക്കള്‍ക്കെതിരായ ഇഡിയുടെയടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭീഷണി സിപിഎമ്മിനെ വോട്ട് മറിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. തൃശൂര്‍ പൂരം പോലീസ് അലങ്കോലമാക്കിയതും ബിജെപിക്ക് വേണ്ടിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ഉണ്ടായപ്പോഴും തൃശൂരില്‍ ബിജെപി വിജയിച്ചതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറാന്‍ സിപിഎമ്മിന് കഴിയില്ല.

Comments (0)
Add Comment