പിണറായിയില്‍ സി.പി.എം – ബി. ജെ.പി അക്രമം, ബോംബേറ്; വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്‌

തലശ്ശേരി:മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ മണ്ഡലത്തില്‍ തങ്ങുന്നതനിടിയില്‍ മണ്ഡലത്തില്‍ അക്രമവും ബോംബേറും പിണറായി പൊട്ടന്‍പാറ ആലക്കണ്ടി ബസാറിനടുത്താണ് സി.പി.എം ബി. ജെ.പി സംഘര്‍ഷം.
ദണ്ഡ് ഉപയോഗിച്ചും ബോംബെറിഞ്ഞും നടത്തിയ ആക്രമണ പ്രത്യാക്രമണങ്ങളില്‍ ഇരു ഭാഗത്തുമുള്ള 7 പേര്‍ പരിക്കുകളോടെ ആശുപത്രിയിലായി. വിദ്യാര്‍ത്ഥിനി ഉള്‍പെടെ 4 സി.പി.എം പ്രവര്‍ത്തകര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലും ബി.ജെ.പി.പ്രവര്‍ത്തകരില്‍ ഒരാള്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും രണ്ട് പേര്‍ കോഴിക്കോട് ഉള്ള്യേരി മെഡിക്കല്‍ കോളേജിലുമാണുള്ളത്.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം. പിണറായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൊട്ടന്‍പാറ ആലക്കണ്ടി ബസാറിനടുത്ത കൊയ്യാളന്‍കുന്ന് ക്ഷേത്ര ഉത്സവത്തിന് സുഹൃത്ത് ക്ഷണിച്ചതിനെ തുടര്‍ന്നെത്തിയ സി.പി.എം.പ്രവര്‍ത്തകന്‍ സായന്തിനെ (26) ബി.ജെ.പി.പ്രവര്‍ത്തകര്‍ തടഞ്ഞ് വച്ച് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് മറ്റ് സുഹൃത്തുക്കള്‍ ഓടിയെത്തിയപ്പോള്‍ ഇവര്‍ക്ക് നേരെ ബോംബേറുണ്ടായതായി പരിക്കേറ്റവര്‍ പറഞ്ഞു.

സ്‌ഫോടനത്തിലാണ് സായന്തിന്റെ സഹോദരിയും വിദ്യാര്‍ത്ഥിനിയുമായ ആര്യ (17),മറ്റ് സി.പി.എം.പ്രവര്‍ത്തകരായ കുണ്ടുകുളങ്ങര രാഗേഷ് (26), കാര്‍ത്തിക് (28) എന്നിവര്‍ക്ക് പരിക്കേറ്റതത്രെ. നാല് പേരും തലശ്ശേരി സഹകരണ ആശുപത്രിയിലാണുള്ളത്. പ്രത്യാക്രമണമായി നടന്ന ബോംബേറില്‍ ബി.ജെ.പി. പഞ്ചായത്ത് സിക്രട്ടറി സി.രാജേഷ് (34), പ്രവര്‍ത്തകരായ സി.സനോജ്(38), അഭിജിത്ത് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഭിജിത്ത് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ കോഴിക്കോട് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിലുമാണുള്ളത്.
തലക്കും വയറിനും പരിക്കേറ്റ സനോജിന്റെ നില ഗുരുതരമാണ്. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇന്നലെ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു.  സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തലശ്ശേരി എ.എസ്.പി.അരവിന്ദ് സുകുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ പോലിസെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. അക്രമം നടന്ന സ്ഥലത്ത് പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തി.

Kannur
Comments (0)
Add Comment