സി.പി.എമ്മുകാര്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസിന്റെ ചില പൊടിനമ്പറുകള്‍

Jaihind Webdesk
Saturday, January 12, 2019

തിരുവനന്തപുരം: ഹര്‍ത്താലിന്റെയും പണിമുടക്കിന്റെയും മറവില്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ സി.പി.എമ്മിന് പോലീസിന്റെ സഹായം. അക്രമസംഭവങ്ങളില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തി കേസെടുക്കുക, ഉന്നത നേതാക്കളെ ഒഴിവാക്കുക, അറസ്റ്റ് വൈകിപ്പിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുക തുടങ്ങിയവയാണ് ഭരണപക്ഷ പാര്‍ട്ടിക്ക് പോലീസ് നല്‍കിവരുന്ന ചെറുപൊടി സഹായങ്ങള്‍. പണിമുടക്ക് ദിവസം എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച എന്‍.ജി.ഒ യൂനിയന്‍ നേതാക്കളെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നതാണ് ഒടുവിലെ ഉദാഹരണം. സിപിഎം ബന്ധമുള്ളവര്‍ പ്രതികളായ മറ്റു കേസുകളിലും പൊലീസിന് തണുപ്പന്‍ നിലപാടാണ്.
തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഹര്‍ത്താല്‍ തലേന്ന് ബിജെപി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ 5 സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍. ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍ ദിനത്തില്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് നേതാവ് എന്‍.കെ. കൃഷ്ണന്‍കുട്ടിയെ വെട്ടിയ കേസില്‍ പ്രതികളായ 10 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല പോസ്റ്റിട്ടതിന് സിപിഎം കൗണ്‍സിലര്‍ക്കെതിരെയും ഗ്രൂപ്പ് അഡ്മിനായ മേയര്‍ക്കെതിരെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ 2 മാസം മുന്‍പു നല്‍കിയ പരാതിയില്‍ കേസെടുത്തതല്ലാതെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. തളിപ്പറമ്പില്‍ വയല്‍കിളികളുടെ സമരപ്പന്തല്‍ കത്തിച്ച സംഭവത്തില്‍ 13 പേരെ പ്രതികളാക്കി കേസെടുത്തെങ്കിലും അറസ്റ്റിലായത് 4 പേര്‍ മാത്രം. സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. വയനാട് തവിഞ്ഞാലില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അനില്‍കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍, ആത്മഹത്യാക്കുറിപ്പില്‍ പേരുണ്ടായിരുന്ന സിപിഎം ഏരിയ കമ്മിറ്റി അംഗം പി. വാസുവിനെതിരെ ഇതുവരെ നടപടിയില്ല. കുറിപ്പില്‍ പേരുണ്ടായിരുന്ന മറ്റൊരാളെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ ജനുവരി 3ന് ഹര്‍ത്താലില്‍ പൊലീസിനെ ആക്രമിച്ച കേസിലെ 10 പ്രതികളില്‍ 2 പേര്‍ സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍, 4 പേര്‍ ഫറോക്ക് നഗരസഭ കൗണ്‍സിലര്‍മാര്‍; പക്ഷേ, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പണിമുടക്ക് ദിനത്തില്‍ ജോലിക്കെത്തിയ വയനാട് കലക്ടറേറ്റ് ജീവനക്കാരന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കേസില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കല്‍പറ്റ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയില്ല.
അതേസമയം, ഹര്‍ത്താല്‍ ദിവസവും അതിനു ശേഷവും നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളെ മുഴുവന്‍ രണ്ടാംദിവസം തന്നെ പിടികൂടി. പണിമുടക്ക് ദിനത്തില്‍ ആലുവ തോട്ടയ്ക്കാട്ടുകരയില്‍ ഗ്യാസ് ഏജന്‍സിക്കു കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎമ്മിന്റെ പ്രധാന നേതാവിനെ ഒഴിവാക്കിയ പൊലീസ്, 4 സിപിഎമ്മുകാര്‍ക്കെതിരെ ചുമത്തിയത് ജാമ്യം കിട്ടുന്ന വകുപ്പുകള്‍.
ക്രിസ്മസ് രാത്രി തൊടുപുഴ മുതലക്കോടം പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് പോയ കെഎസ്‌യു ജില്ലാ സെക്രട്ടറി സിബി ജോസഫിനെ ആക്രമിച്ച 14 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഡിസംബര്‍ 28നു നെടുങ്കണ്ടം ചേമ്പളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിറ്റോ ജോസിനെ ആക്രമിച്ച ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തെങ്കിലും തുടര്‍നടപടിയില്ല. തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 3 പൊലീസുകാരെ മര്‍ദിച്ച കേസിലെ പ്രതികളെ ഒരുമാസമായിട്ടും അറസ്റ്റ് ചെയ്തിട്ടില്ല.
പാലക്കാട് നെന്മാറയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് ശബരി ഒളിവിലാണെന്നാണു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേയാള്‍ ഒരു സംഘട്ടനത്തില്‍ പരുക്കേറ്റ് ആശുപത്രിയിലായപ്പോള്‍ മൊഴിയെടുക്കാന്‍ പോയത് ഇതേ പൊലീസ്. മാത്രമല്ല, മൊഴിയുടെ അടിസ്ഥാനത്തില്‍ 7 കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വല്ലങ്ങി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.സോമനെ ആക്രമിച്ച സംഭവത്തിലെ സിപിഎമ്മുകാരായ 2 പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹിയും ബവ്‌റിജസ് ഔട്ട്ലെറ്റിലെ താല്‍ക്കാലിക ജീവനക്കാരനുമായ ഒരു പ്രതി ഇപ്പോഴും ജോലി ചെയ്യുന്നു. പക്ഷേ, പ്രതികള്‍ ഒളിവിലാണെന്നാണു പൊലീസ് ഭാഷ്യം.[yop_poll id=2]