കേരളത്തെ കുരുതിക്കളമാക്കി സി.പി.എമ്മും ബി.ജെ.പിയും കള്ളനും പോലീസും കളിക്കുന്നു

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളിലും സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. യുവതീ പ്രവേശനത്തിലൂടെ ഭക്തരെ പ്രകോപിപ്പിക്കുകയും അതിന്റെ പേരില്‍ ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകള്‍ സംസ്ഥാനമൊട്ടാകെ കലാപം അഴിച്ചുവിടുകയുമായിരുന്നു. എന്നാല്‍ സമാധാനം പുനസ്ഥാപിക്കേണ്ട സംസ്ഥാന സര്‍ക്കാറും സി.പി.എമ്മും കൂടുതല്‍ അക്രമങ്ങള്‍ക്ക് വഴി വെക്കുകയാണ് ചെയ്തത്. ബി.ജെ.പിയുടെ അക്രമങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍ സി.പി.എമ്മിന്റെ ഗുണ്ടകളും തെരുവുകളെ ചോരക്കളമാക്കിമാറ്റുകയായിരുന്നു. പോലീസാകട്ടേ നിഷ്‌ക്രിയമായി അക്രമങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ നാലുദിവസങ്ങളായിട്ട് കേരളം സാക്ഷ്യം വഹിക്കുന്നത്.

ഇതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ നാടകവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ അക്രമസംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ക്രമസമാധാന നില എത്രയും പെട്ടെന്ന പുനഃസ്ഥാപിക്കണമെന്നും കേന്ദ്രം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരളവും കേന്ദ്രവും ഭരിക്കുന്ന രണ്ട് പാര്‍ട്ടികളാണ് സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നത്. ഇവര്‍ വിചാരിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ അക്രമങ്ങള്‍ നിന്ന് സമാധാനം സ്ഥാപിക്കാന്‍ ആകുള്ളൂ. എന്നാല്‍ അക്രമങ്ങള്‍ നിര്‍ത്തുന്നതിന് പകരം നേതാക്കളുടെ വീടുകളില്‍ പോലും പരസ്പരം ബോംബേറും അക്രമങ്ങളും നടത്തി കൊലവിളികളുമായി മുന്നോട്ടുപോകുകയാണ് ഇരുപാര്‍ട്ടികളും.

കലാപത്തിലൂടെ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി രണ്ടുപാര്‍ട്ടികളും രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നിലെ നാടകങ്ങള്‍ പുറത്തുവരേണ്ടിയിരിക്കുന്നു.

ഒരുപാര്‍ട്ടിയിലെ പ്രവര്‍ത്തകരെ മാത്രം അറസ്റ്റ് ചെയ്യുന്നതിലൂടെ അക്രമങ്ങള്‍ക്ക് തടയിടുന്നതിനല്ല പകരം കൂടുതല്‍ പ്രോകപനങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പോലീസ് നടപടിയിലൂടെ വ്യക്തമാകുന്നത്. ജില്ലാ പോലീസ് മേധാവികള്‍ പ്രവര്‍ത്തിക്കുന്നത് ഡി.ജി.പിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചല്ലായെന്നും പാര്‍ട്ടി സെക്രട്ടറിമാരുടെ ഉത്തരവുകള്‍ക്ക് അനുസരിച്ചുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഈ വാദത്തിന് ശക്തിപകരുന്നതാണ് നാലാം ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍.

SabarimalaCPIMcentral home ministrypinarayi vijayanbjp
Comments (0)
Add Comment