അടിക്ക് പിന്നാലെ അറസ്റ്റ്: ഡിഐജി ഓഫീസ് മാര്‍ച്ചുനടത്തിയ സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Jaihind Webdesk
Monday, August 19, 2019

കൊച്ചി: കൊച്ചിയില്‍ ഡിഐജി ഓഫീസിലേയ്ക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ പോലീസിനെ ആക്രമിച്ചുവെന്ന കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി അന്‍സാര്‍ അലിയെയാണ് അറസ്റ്റ് ചെയ്തത്. എംഎല്‍എ എല്‍ദോ എബ്രഹാമിനു നേരെ ലാത്തിച്ചാര്‍ജ് നടത്തിയതിന് സെന്‍ട്രല്‍ എസ്‌ഐക്കെതിരെ നടപടിയെടുത്തതിനു പിന്നാലെയാണ് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടി. പോലീസിനെ ആക്രമിച്ച കേസില്‍ എല്‍ദോ ഏബ്രഹാമും പി രാജുവും പ്രതികളാണ്.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജിയെ അക്രമിച്ചതിനാണ് സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറാണ് അന്‍സാര്‍. ജില്ലാ സെക്രട്ടറി പി. രാജു, എല്‍ദോ എബ്രഹാം എന്നിവരടക്കം 300 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.