‘മണിയുടേത് നാട്ടുഭാഷയല്ല, പുലയാട്ടുഭാഷ; അങ്ങനെയെങ്കില്‍ വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്?’; മണിയോട് മറുചോദ്യവുമായി സിപിഐ

 

ഇടുക്കി: സിപിഐ നേതാവ് ആനി രാജക്കെതിരായ എം.എം മണിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ സിപിഐ. അങ്ങനെയെങ്കിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ മറുചോദ്യം ഉന്നയിച്ചു. മണിയുടേത് നാട്ടുഭാഷയല്ല,പുലയാട്ട് ഭാഷയാണെന്നും മണിയെ സിപിഎം തിരുത്തണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു.

‘ആനി രാജ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ആനി രാജ ഡൽഹിയിൽ അല്ലേ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാൽ വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്. അവരും ഡൽഹിയില്‍ അല്ലേ. വനിതാ നേതാക്കളെക്കുറിച്ച് വളരെ മോശം പരാമർശങ്ങൾ പലപ്പോഴും മണി നടത്തിയിട്ടുണ്ട്. ഒരാളുടെ വാക്കുകൾ സംസ്കാരത്തിന്‍റെ പ്രതിഫലനം കൂടിയാണ്. പുലയാട്ട് ഭാഷ അദ്ദേഹം നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു’– കെ.കെ ശിവരാമൻ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെക്കുറിച്ച് വർത്തമാനം പറയുമ്പോൾ അന്തസുള്ള ഭാഷ ഉപയോഗിക്കണം. ആ പൊതുസംസ്കാരമാണ് കേരളത്തിൽ രൂപപ്പെട്ടിട്ടുള്ളത്. അതിനകത്ത് എല്ലാ രാഷ്ട്രീയക്കാരുടെയും സംഭാവനയുണ്ടാകുമെന്നും ഇടതുപക്ഷ രാഷ്ട്രീയം സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണെന്നും ശിവരാമൻ മാധ്യമങ്ങളോട് പറഞ്ഞു.

എം.എം മണി നമ്മുടെ ഭാഷയ്ക്ക് തന്നെ ഒരു നിഘണ്ടു ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്ന് പറയാം. അത് തെമ്മാടി നിഘണ്ടുവാണ്, പുലയാട്ടുഭാഷയാണെന്നും ശിവരാമൻ വിമർശിച്ചു. അത് തിരുത്താനുള്ള ഇടപെടൽ സി.പി.എം. നേതൃത്വത്തിൽ നിന്നാണുണ്ടാവേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനി രാജയെക്കുറിച്ച് പറഞ്ഞ ആ മര്യാദകെട്ട പ്രതികരണത്തോട് സിപിഎം നേതൃത്വം എന്ത് നിലപാടാണ് എടുക്കുക എന്ന് വരുംദിവസങ്ങളിൽ അറിയാൻ കഴിയുമെന്നും ശിവരാമൻ പറഞ്ഞു.

ആനി രാജയ്ക്കെതിരായ പരാമർശത്തിൽ കേരള മഹിളാസംഘം ശക്തമായ പ്രതിഷേധം അറിയിച്ചു.  എംഎം മണിയുടെ പരാമർശം അപലപനീയമെന്ന് എഐവൈഎഫ് പ്രതികരിച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങൾ മണി തിരുത്തണമെന്നും എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

Comments (0)
Add Comment